ന്യൂഡൽഹി: ഇന്ത്യയുടെ തലഭാഗമെന്നറിയപ്പെടുന്ന ജമ്മുകാശ്‌മീരിന്റെ സാമൂഹ്യവും ചരിത്രപരവുമായ പ്രാധാന്യം ഉൾക്കൊണ്ടും ബ്രിട്ടീഷ്‌രാജിന് മുൻപുള്ള അവസ്ഥ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുമാണ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം. ദോഗ്ര സിക്ക് രാജാക്കൻമാരും പിന്നീട് ബ്രിട്ടീഷുകാരും അവരുടെ താത്പര്യങ്ങൾ മുൻനിറുത്തി കൂട്ടിച്ചേർത്ത ഭൂവിഭാഗങ്ങളെ വിഭജിക്കുന്നതിലൂടെ ഭരണസൗകര്യവും ജനങ്ങളുടെയും പ്രദേശത്തിന്റെയും വികസനവും ഉറപ്പാക്കാൻ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
ജംബു ലോച്ചൻ എന്ന നാട്ടുരാജാവ് ഭരിച്ച ജമ്പുപുരയാണ് ഇപ്പോഴത്തെ ജമ്മു പ്രദേശമായി മാറിയത്. സമാധാന പ്രിയരുടെ നാടായിരുന്നു ജമ്മു എന്ന് ചരിത്രം പറയുന്നു. പിന്നീട് മുഗൾ, അഫ്‌ഗാൻ രാജവംശങ്ങളുടെ കടന്നുകയറ്റം ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കിയ ജമ്മു ബ്രിട്ടീഷുകാരുടെ വരവോടെയാണ് കാശ്മീരിന്റെ ഭാഗമാകുന്നത്.
അതേസമയം ടിബറ്റൻ പാരമ്പര്യം ഉൾക്കൊണ്ട ബുദ്ധമതക്കാരുടെ കേന്ദ്രമായിരുന്ന ലഡാക്കിനെ ജമ്മുകാശ്‌മീർ ഭരിച്ച
സിക്ക് മഹാരാജാവ് രഞ്ജിത് സിംഗിന്റെ കൊച്ചു മരുമകൻ ഗുലാബ് സിംഗ് സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയായിരുന്നു. പിന്നീട് ഒരു സംസ്ഥാനമായി മാറിയെങ്കിലും സാമൂഹ്യവും സാംസ്‌കാരികവുമായ അന്തരം മൂന്ന് പ്രദേശങ്ങൾക്കിടയിലും മായാതെ കിടന്നു.
ഹിന്ദു, സിക്ക് സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള ജമ്മുവിനെ കാശ്‌മീരിൽ നിന്ന് വേർപെടുത്തണമെന്ന ആവശ്യവും ശക്തമാണെങ്കിലും പ്രശ്‌നങ്ങൾ ലഘൂകരിക്കാനായി ബി.ജെ.പി അതൊഴിവാക്കിയെന്നാണ് സൂചന. സുന്നി മുസ്ളിങ്ങൾക്ക് ഭൂരിപക്ഷമുള്ള കാശ്‌മീരിലെ ഹിന്ദു ന്യൂനപക്ഷമായ കാശ്‌മീരി പണ്ഡിറ്റുകൾക്കായി ബി.ജെ.പി സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കാൻ പുതിയ ഭരണപരിഷ്‌കാരത്തിന് കീഴിൽ ബുദ്ധിമുട്ടില്ല.
പ്രശ്‌നബാധിതമായ ജമ്മുകാശ്മീരിന് കീഴിൽ വികസനം വഴിമുട്ടിയ ലഡാക്ക് മേഖലയ്‌ക്കാണ് വിഭജനം ഏറെ പ്രയോജനപ്പെടുക. ലഡാക്കിനെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട്. അവിടെ നേരിട്ട് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാരിന് കഴിയും. ഹിന്ദു, സിക്ക്, മുസ്ളിം സമുദായങ്ങൾ ഇടകലർന്ന് കഴിയുന്ന സ്ഥലമാണിത്.