ന്യൂഡൽഹി:ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി. ജന്തർ മന്ദറിൽനിന്ന് പാർലമെന്റ് സ്ട്രീറ്റിലേക്ക് നടന്ന മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞു.
സ്വേച്ഛാധിപത്യ ഭരണത്തിൽ കീഴിലായ രാജ്യം അതിവേഗം ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അംഗസംഖ്യയാണ് ഒരു രാജ്യത്തിന്റെ പ്രകൃതവും തനിമയും നിർണ്ണയിക്കുന്നതെങ്കിൽ ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി തുടരില്ല. ദേശീയ ഐക്യത്തിനെതിരെയുള്ള ആക്രമണമാണ് ബി.ജെ.പി നടത്തിയത്. നിയമപരമായും സർക്കാരിന്റെ നീക്കത്തെചോദ്യം ചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ തീരുമാനത്തിലൂടെ ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്‌തെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനം കശ്മീരി ജനതയെ കൂടുതൽ ഒറ്റപ്പെടുത്തും. സി.പി.ഐ എം.എൽ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ ,സി.പി. എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, നീലോത്പൽ ബസു, എം.എ ബേബി, ഹനൻമൊള്ള, സംസ്ഥാന സെക്രട്ടറി കെ.എം തിവാരി, നത്തു പ്രസാദ്, സി.പി.ഐ നേതാക്കളായ അമർജിത്ത് കൗർ, അതുൽ കുമാർ അൻജാൻ, ആനി രാജ, അഖിലേന്ത്യ കിസാൻസഭ ട്രഷറർ പി.കൃഷ്ണ പ്രസാദ് തുങ്ങിയവർ പങ്കെടുത്തു.