mutalaq-bill

ന്യൂഡൽഹി: ജമ്മു-കാശ്മീർ വിഷയത്തിൽ ലോക് സഭയും ഇന്നലെ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച നടക്കും. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി. ഇന്നലെ വൈകീട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു-കാശ്മീർ പ്രമേയം സഭ പാസാക്കി.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫീസിൽ രാവിലെ പ്രതിപക്ഷപാർട്ടികൾ യോഗം ചേർന്ന് ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ ധാരണയായിരുന്നു. ജമ്മു-കശ്മീർ വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് കോൺഗ്രസ്, സി.പി.എം, ഡി.എം.കെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നും പ്രതിപക്ഷപ്രതിഷേധം ഉച്ചവരെ തുടർന്നു. രമ്യ ഹരിദാസിന്റെ നേതൃത്വത്തിൽ രഘുപതി രാഘവ രാജാറാം ഗാനാലാപനവും അരങ്ങേറി.