ന്യൂഡൽഹി: ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ ഭരണഘടനയുടെ പകർപ്പുകൾ കീറിയും, ധരിച്ചിരുന്ന ഷർട്ട് വലിച്ചുകീറിയും പി.ഡി.പി എം.പിമാരുടെ പ്രതിഷേധം. മീർ മുഹമ്മദ് ഫയാസ്, നാസിർ അഹമ്മദ് ലാവായ് എന്നിവരാണ് രൂക്ഷമായി പ്രതിഷേധിച്ചത്. തുടർന്ന് സഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നിർദ്ദേശപ്രകാരം ഇരുവരെയും സഭാഹാളിൽ നിന്ന് പുറത്താക്കി.
ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കെ നാസിർ അഹമ്മദ് ലാവായാണ് ഭരണഘടന കീറി പ്രതിഷേധിച്ചത്. ഇട്ടിരുന്ന ഷർട്ട് മീർ ഫയാസ് വലിച്ചു കീറി. ഭരണഘടനയെ അപമാനിക്കുന്ന വിധത്തിലുള്ള നടപടികൾ സഭയിൽ അനുവദിക്കാനാകില്ലെന്നു പറഞ്ഞ നായിഡു, ഇരുവരെയും പുറത്താക്കാൻ നിർദ്ദേശിക്കുകയായിരുന്നു.