adhir

ന്യൂഡൽഹി:ലോക്‌സഭയിൽ ജമ്മുകാശ്മീർ പുനഃസംഘടനാ ബില്ലിന്റെ ചർച്ചയിൽ കാശ്‌മീർ പ്രശ്‌നം ആഭ്യന്തര വിഷയമല്ലെന്നു പറഞ്ഞ് കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സെൽഫ് ഗോൾ. കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഈ അവസരം മുതലെടുത്തതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. പിന്നീട് ചൗധരിയെ നേരിട്ട് വിളിച്ചുവരുത്തി യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അതൃപ്‌തി അറിയിക്കുകയും ചെയ്തു.കാശ്മീർ വിഷയത്തിൽ സ്വീകരിക്കേണ്ട നയത്തെക്കുറിച്ച് രാവിലെ അംഗങ്ങൾ വിശദീകരിച്ചിരുന്നു. ഇതിൽ നിന്നു മാറിയാണ് അധിർ ര‌ഞ്ജൻ ചൗധരി സംസാരിച്ചത്. ചൗധരിയുടെ പ്രസംഗത്തിനിടെ തന്നെ സോണിയ ഞെട്ടലോടെ രാഹുലിനെ നോക്കുന്നുണ്ടായിരുന്നു. പാക് അധിനിവേശ പ്രദേശം കൂടി ഉൾപ്പെട്ട ജമ്മു- കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് 1994-ൽ ലോക്‌സഭ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിനിടെയായിരുന്നു ചൗധരിയുടെ സെൽഫ് ഗോൾ.നിങ്ങൾ പാക് അധീന കാശ്‌മീരിനെക്കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങൾ എല്ലാം നിയമങ്ങളും ലംഘിച്ച് ഒരു രാത്രി കൊണ്ട് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി. നിങ്ങൾ പറയുന്നു ഇത് ആഭ്യന്തര വിഷയമാണെന്ന്. എന്നാൽ 1948 മുതൽ യു.എൻ നിരീക്ഷണത്തിലാണ് കാശ്‌മീർ. ഷിംല കരാറിലും ലാഹോർ പ്രഖ്യാപനത്തിലും നമ്മൾ ഒപ്പിട്ടിട്ടുണ്ട്. കാശ്മീർ ഉഭയകക്ഷി വിഷയമാണെന്നും ഇതിൽ ഇടപെടരുതെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോട് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ കഴി‌ഞ്ഞ ദിവസമാണ് പറഞ്ഞത്. ഇപ്പോഴും ഇത് ആഭ്യന്തര വിഷയമാണോ? ചൗധരി ചോദിച്ചു.അതിരൂക്ഷമായ ഭാഷയിലായിരുന്നു അമിത് ഷായുടെ മറുപടി. നിങ്ങൾ കാശ്മീരിനെ അവിഭാജ്യഘടകമായി കാണുന്നില്ലേ? ജമ്മു കാശ്‌മീർ മാത്രമല്ല, പാക് അധിനിവേശ കാശ്മീരും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കാശ്‌മീരിനു കീഴിലാണ് പാക് അധിനിവേശ കാശ്‌മീർ. അതിനായി മരിക്കാൻ പോലും ഞങ്ങൾ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞതോടെ ജയ് ഹിന്ദ്, വന്ദേമാതരം വിളകളോടെ ഭരണപക്ഷം പിന്തുണ നൽകി. തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ചൗധരി പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞു.കോൺഗ്രസ് നേതാക്കളായ ജനാർദ്ദൻ ദ്വിവേദി, ദീപേന്ദർ ഹൂഡ, റായ്ബറേലി എം.എൽ.എ അതിഥി സിംഗ് എന്നിവർ ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ അനുകൂലിച്ചിരുന്നു. ഇതിനിടെയാണ് ലോക്‌സഭയിലും കോൺഗ്രസ് പ്രതിരോധത്തിലായത്. ചരിത്രപരമായ തെറ്റാണ് കേന്ദ്രസർക്കാർ തിരുത്തിയതെന്നും വൈകിയാണെങ്കിലും നടപ്പാക്കിയത് സ്വാഗതാർഹമാണെന്നും ആയിരുന്നു ദ്വിവേദിയുടെ പ്രതികരണം.