jammu-kashmir

ന്യൂഡൽഹി:ജമ്മുകാശ്‌മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന ജമ്മുകാശ്‌മീർ പുനഃസംഘടനാബിൽ പാർലമെന്റ് പാസാക്കി. 70നെതിരെ 370 വോട്ടുകൾക്കാണ് ഇന്നലെ ലോക്സഭ ബില്ല് പാസാക്കിയത്. 61നെതിരെ 125 വോട്ടുകൾക്ക് തിങ്കളാഴ്ച രാജ്യസഭ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ജമ്മുകാശ്മീർ, ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരും. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറയും. കേന്ദ്രഭരണപ്രദേശങ്ങൾ 9 ആകും.

ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി നീക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് സംബന്ധിച്ച പ്രമേയം 66നെതിരെ 366 വോട്ടുകൾക്ക് ലോക്‌സഭ പാസാക്കി. രാജ്യത്തെ എല്ലാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിനും ബാധകമായതോടെ കഴിഞ്ഞദിവസം രാജ്യസഭ പാസാക്കിയ ജമ്മുകാശ്‌മീർ സംവരണ ബില്ല് ലോക്സഭയിൽ നിന്ന് പിൻവലിക്കുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ബില്ല് ഇന്ന് രാജ്യസഭയിൽ നിന്നും പിൻവലിക്കും.

ഇന്നലെ മണിക്കൂറുകൾ നീണ്ട ചർച്ചയാണ് ലോക്സഭയിൽ നടന്നത്. പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ഇറങ്ങിപ്പോയി. എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു വിട്ടുനിന്നു. കോൺഗ്രസ്, ഇടത് പാർട്ടികൾ, ലീഗ്, ഡി.എം.കെ തുടങ്ങിയവർ എതിർത്ത് വോട്ടുചെയ്തു. ബില്ല് പാസായതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി സ്പീക്കർ ഓം ബിർള അറിയിച്ചു.

പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരിയാണ് ബില്ലിനെ എതിർത്തു ചർച്ചയ്ക്കു തുടക്കമിട്ടത്. കാശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോയെന്ന കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. രാഹുൽ ഗാന്ധി സഭയിലുണ്ടായിരുന്നെങ്കിലും സംസാരിച്ചില്ല.
ജമ്മുകാശ്‌മീർ മുൻമുഖ്യമന്ത്രി കൂടിയായ നാഷണൽ കോൺഫറൻസ് എം.പി ഫറൂഖ് അബ്ദുള്ളയുടെ അഭാവം പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭാംഗമായ ഫറൂഖ് അബ്ദുള്ള അറസ്റ്റിലാണെന്നും അദ്ദേഹത്തെ കാണാനില്ലെന്നും ഡി.എം.കെയിലെ ദയാനിധി മാരൻ പറഞ്ഞു. ഫറൂക്ക് അബ്ദുള്ള എവിടെയെന്നു ശശി തരൂരും ചോദിച്ചു.

ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പുറത്തിറങ്ങാത്തതാണെന്നും അമിത് ഷാ മറുപടി നൽകി. അദ്ദേഹത്തിന് സുഖമില്ലെന്ന് എൻ. സി. പിയിലെ സുപ്രിയ സുലെ പറഞ്ഞപ്പോൾ ചികിത്സിക്കാൻ ഞാൻ ഡോക്ടറല്ലെന്ന് അമിത് ഷാ പരിഹസിച്ചു. ഫറൂഖ് അബ്ദുള്ളയ്ക്ക് കുഴപ്പമില്ല. അദ്ദേഹത്തിന് വരാൻ താത്പര്യമില്ലെങ്കിൽ തോക്കു ചൂണ്ടി കൊണ്ടുവരാനാകുമോയെന്നും അമിത് ഷാ ചോദിച്ചു. അതേസമയം താൻ വീട്ടുതടങ്കലിലാണെന്നും അമിത് ഷാ നുണപറയുകയാണെന്നും ശ്രീനഗറിൽ ഫറൂഖ് അബ്ദുള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു

എതിർത്ത് കേരള എം. പിമാർ

അമിത്ഷാ അവതരിപ്പിച്ച പ്രമേയം ഭരണഘടന വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് ഇന്ത്യയുമായുള്ള ഭരണഘടനാപരമായ ബന്ധം വിച്ഛേദിച്ചെന്ന് തരൂർ കുറ്റപ്പെടുത്തി.നോട്ടു നിരോധനം പോലെ ഇതും അടിച്ചേൽപ്പിച്ചു. തീരുമാനം പ്രധാനമന്ത്രി സഭയിൽ വിശദീകരിക്കാതിരുന്നതെന്താണെന്നും തരൂർ ചോദിച്ചു. സർക്കാർ ഭരണഘടന ചട്ടങ്ങളോ പാർലമെന്ററി നടപടിക്രമങ്ങളോ പാലിച്ചില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഭിന്നിപ്പിച്ച് ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രം പ്രയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബെന്നിക്കും ഹൈബിക്കും പ്രതാപനും ശാസന

ന്യൂഡൽഹി: ജമ്മുവിഭജന ബില്ലിനെതിരായ പ്രതിഷേധത്തിൽ കേരള എം.പിമാരായ ബെന്നി ബെഹനാൻ, ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ എന്നിവരെ സ്പീക്കർ ഓം ബിർള ചേംബറിൽ വിളിച്ചു വരുത്തി ശാസിച്ചു. ജമ്മു-കാശ്മീർ വിഭജനത്തിനെതിരെ തിങ്കളാഴ്ച പ്രതിപക്ഷം നടത്തിയ മുഴുനീളപ്രതിഷേധത്തിനിടെ ബിൽ മൂന്ന് എം.പിമാരും വലിച്ചു കീറിയതിനാണ് ശാസന.