sushama-swaraj
sushama swaraj

ന്യൂഡൽഹി:ഇന്ത്യൻ ജനത കക്ഷിഭേദങ്ങൾക്കതീതമായി ഹൃദയത്തിൽ

സ്നേഹം പകർന്ന് പ്രതിഷ്‌ഠിച്ച ബി.ജെ.പിയുടെ സമുന്നത വനിതാ നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് രാജ്യം കണ്ണീരോടെ വിട നൽകി.

ചൊവ്വാഴ്‌ച രാത്രി അന്തരിച്ച സുഷമാ സ്വരാജിന്റെ ഭൗതിക ദേഹം ലോധി റോഡ് ശ്‌മശാനത്തിൽ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങിയപ്പോൾ സ്നേഹ ദീപ്തമായ മാതൃസാന്നിദ്ധ്യമാണ് എന്നന്നേക്കുമായി മറഞ്ഞത്. വൈകിട്ട് 4.40ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ യായിരുന്നു സംസ്‌കാരം. ഏകമകൾ ബാൻസുരി സ്വരാജ് കണ്ണീരോടെ അന്ത്യകർമ്മങ്ങൾ ചെയ്തപ്പോൾ സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ ഹൃദയഭാരത്തോടെ ഒപ്പം നിന്നു. ഇരുവരും സല്യൂട്ട് നൽകി സുഷമയെ അന്ത്യ യാത്രയാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, എൽ.കെ അദ്വാനി, ജെ.പി നദ്ദ തുടങ്ങിയ പ്രമുഖർ വിങ്ങലടക്കി പ്രിയ സഹപ്രവർത്തകയുടെ അന്ത്യയാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചു.

ഡൽഹി എയിംസിൽ ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമ അന്തരിച്ചത്. അപ്രതീക്ഷത മരണത്തിൽ ഞെട്ടിയ നേതാക്കളും പാർട്ടിപ്രവർത്തകരും ഇന്നലെ അന്ത്യാഞ്ജലിയർപ്പിക്കാൻ വസതിയിലേക്കും പാർട്ടി ആസ്ഥാനത്തേക്കും ഒഴുകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ രാവിലെ സുഷമയുടെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഉച്ചയോടെ ഭൗതിക ദേഹം ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ചു. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും വർക്കിംഗ് പ്രസിഡൻറ് ജെ.പി നദ്ദയും പാർട്ടി പതാക പുതപ്പിച്ചു. അന്ത്യാഭിവാദ്യമേകാൻ നിരവധി നേതാക്കളും പ്രവർത്തകരും എത്തി. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളും അന്ത്യാഞജലി അർപ്പിച്ചു. 3.30 ഓടെ ലോധി റോഡിലെ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകാൻ എടുത്തപ്പോൾ രാജ്നാഥ് സിംഗ്, ജെ.പി നദ്ദ, രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ തുടങ്ങിയവർ ഭൗതിക ദേഹം ചുമലിലേറ്റി. പിന്നീട് പുഷ്പാലംകൃത വാഹനത്തിൽ വിലാപയാത്രയായി ശ്‌മശാനത്തിലേക്ക്.
സുഷമയുടെ മരണത്തിൽ ഡൽഹി, ഹരിയാന സർക്കാരുകൾ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 1998ൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന സുഷമ 1987ൽ ഹരിയാനയിൽ മന്ത്രിയായിരുന്നു.

രാവിലെ രാജ്യസഭ സുഷമയ്‌ക്ക് ആദരമർപ്പിച്ചു. എന്റെ സഹോദരിയെ പോലെയായിരുന്നു സുഷമ. എന്നെ വിളിക്കുന്നത് അണ്ണാ എന്നാണ്. എല്ലാവർഷവും രാഖി കെട്ടുമായിരുന്നു. വീകാരധീനനായി സഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. സംസ്‌കാര ചടങ്ങുകൾക്കിടെയും വെങ്കയ്യ കണ്ണീരണിഞ്ഞു.
രാവിലെ സുഷമയുടെ വസതിയിലെത്തി ഭർത്താവ് സ്വരാജ് കൗശലിനെ ആശ്വസിപ്പിക്കുമ്പോൾ പ്രധാനമന്ത്രി മോദിയും വിതുമ്പി. അസാധാരണ കഴിവുള്ള നേതാവായിരുന്നു സുഷമയെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി അനുസ്‌മരിച്ചു. ദലൈലാമയുൾപ്പെടെ അന്തർദ്ദേശീയ നേതാക്കളും വിവിധ രാജ്യങ്ങളും ദുഃഖം രേഖപ്പെടുത്തി. ട്വിറ്ററിലെ താരത്തിന് ആദരാഞ്ജലിയുമായി സുഷമയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലും നിറഞ്ഞു.