babri-

ന്യൂഡൽഹി: രാമജന്മഭൂമി നൂറു വർഷത്തിലേറെയായി കൈവശം വയ്‌ക്കുന്നുവെന്നതിന് തെളിവ് ഹാജരാക്കാൻ ഹിന്ദുകക്ഷിയായ നിർമോഹി അഖാഡയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. റവന്യൂ രേഖകളോ, മറ്റെതെങ്കിലും രേഖകളോ, സാക്ഷിമൊഴികളുടെ പ്രമാണമെങ്കിലുമോ ഹാജരാക്കാനാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ഭരണഘടനാബെഞ്ചിന്റെ നിർദ്ദേശം. രാമന്റെ ജന്മഭൂമിയുടെ അവകാശം തങ്ങൾക്കാണെന്ന് കഴിഞ്ഞ ദിവസം നിർമോഹി അഖാഡ കോടതിയിൽ അവകാശപ്പെട്ടിരുന്നു.

അതേസമയം 1982ലെ കൊള്ളയിൽ രേഖകൾ നഷ്ടമായെന്ന് അഖാഡയുടെ അഭിഭാഷകകൻ സുശീൽ ജയിൻ പറഞ്ഞു. കോടതി അംഗീകരിച്ചില്ല. തുടർന്ന് തെളിവ് സമർപ്പിക്കാൻ കൂടുതൽ സമയം സുശീൽ ജയിൻ തേടി. അത് അംഗീകരിച്ച കോടതി രണ്ടാമത്തെ ഹിന്ദുകക്ഷിയായ രാംലല്ലയുടെ ( രാമൻറെ ബാലപ്രതിഷ്ഠ) വാദത്തിലേക്ക് കടന്നു. രാംലല്ലയ്ക്ക് വേണ്ടി കെ.പരാശരൻ വാദം തുടങ്ങി.

രാജമന്മഭൂമിയെക്കുറിച്ച് വാത്മീകി രാമായണത്തിൽ പരാമർശമുണ്ടെന്നും ജനങ്ങളുടെ വിശ്വാസം തെളിവാണെന്നും പരാശരൻ പറഞ്ഞു. ഇവിടെയാണ് രാമൻ ജനിച്ചത് എന്നതിന് നൂറ്റാണ്ടുകൾക്ക് ശേഷം തെളിവ് ആവശ്യപ്പെട്ടാൽ എങ്ങനെ നൽകുമെന്നും അദ്ദേഹം ചോദിച്ചു. യേശുദേവൻ ബത്‌ലഹേമിൽ ജനിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ ആരാഞ്ഞു. അത് പരിശോധിച്ചിട്ട് പറയാമെന്ന് പരാശരൻ മറുപടി നൽകി. വാദം ഇന്നും തുടരും

രാംലല്ലയുടെ വാദം

രാമൻ ജനിച്ചത് അയോദ്ധ്യയിലാണെന്ന് വാത്മീകി രാമായണത്തിലുണ്ട്.

രാമന്റെ ചൈതന്യം അവിടെയുണ്ടെന്നാണ് വിശ്വാസം.

വിശ്വാസികളുടെ വിശ്വാസം തന്നെയാണ് തെളിവ്.

തർക്കമുള്ള കെട്ടിടം പള്ളിയാണോ ക്ഷേത്രമാണോ എന്ന് തീരുമാനിക്കുന്നത് അവിടെ ആരാധന നടത്തുന്നത് ആര് എന്നതിന്റെ അടിസ്ഥാനത്തിലാവണം

ഇപ്പോഴും അവിടെ പ്രതിഷ്ഠയുണ്ട്

മുഴുവൻ ഭൂമിയും രാജജന്മഭൂമിയാണ്.