നിലപാട് വിശദീകരിക്കാൻ നേതാക്കളുടെ യോഗം നാളെ
ന്യൂഡൽഹി: ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രതീരുമാനം ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. കാശ്‌മീർ വിഷയത്തിൽ ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള നേതാക്കൾ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് ചൊവ്വാഴ്ച വൈകിട്ട് അടിയന്തരപ്രവർത്തക സമിതി ചേർന്നത്.
സോണിയഗാന്ധി, രാഹുൽ ഗാന്ധി, എ.കെ ആന്റണി, ഗുലാംനബി ആസാദ് , പി.ചിദംബരം തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്ത യോഗത്തിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതായണ് റിപ്പോർട്ട്. നേതാക്കൾ കാശ്മീരിന്റെ ചരിത്രം പഠിക്കണമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. നേതാക്കൾക്ക് നിലപാടിൽ വ്യക്തതയില്ലാത്തത് പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃയോഗം ചേരാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലക്കാർ, പി.സി.സി പ്രസിഡന്റുമാർ, കോൺഗ്രസ് നിയമസഭാകക്ഷി നേതാക്കൾ, എം.പിമാർ എന്നിവരുടെ യോഗം വെള്ളിയാഴ്ച ചേരും.
ജമ്മുകാശ്‌മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർക്കാൻ 370ാം അനുച്ഛേദം അവിടുത്തെ ജനതയുടെ അംഗീകാരത്തോടെ മാത്രമാണ് ഭേദഗതി വരുത്തേണ്ടതെന്നും പ്രമേയം വ്യക്തമാക്കി.
കാശ്മീർ വിഷയത്തിൽ പാർലമെന്റിൽ എതിർത്ത് വോട്ടുചെയ്തെങ്കിലും ജനാർദ്ദൻ ദ്വിവേദി, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്‌ര, ദീപേന്ദർ സിംഗ്, റായ്ബറേലി എം.എൽ.എ അതിഥി സിംഗ്, കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൽ തുടങ്ങിയവർ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. ലോക്‌സഭയിൽ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ബില്ലിനെ എതിർത്ത് സംസാരിക്കുന്നതിനിടെ ' കാശ്മീർ ആഭ്യന്തര വിഷയമാണോ' എന്ന ചോദിച്ചതും പ്രതിസന്ധിയായിരുന്നു. പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യസഭാ വിപ്പ് ഭുവനേശ്വർ കാലിത രാജിവച്ചിരുന്നു.