ന്യൂഡൽഹി: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബദൽ പാത ദേശീയപാതയാക്കാൻ കഴിയുമോയെന്നും ഭാവിയിൽ നിലവിലെ പാത പൂർണമായും അടയ്‌ക്കുന്നതിനെ പറ്റിയും നാലാഴ്‌ചയ്‌ക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും ജസ്റ്റിസ് രോഹിന്റൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രഗതാഗത മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയുമാണ് മറുപടി നൽകേണ്ടത്
രാത്രി യാത്രാനിരോധനത്തെ അനുകൂലിച്ച് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും മറ്റ് വിദഗ്ദ്ധരും സമർപ്പിച്ച റിപ്പോർട്ടുകൾ പരിഗണിച്ച സുപ്രീംകോടതി കടുവ സംരക്ഷണ മേഖലയിലൂടെയുള്ള ഗതാഗതം അനുവദിക്കരുതെന്ന നിലപാട് എടുക്കുകയായിരുന്നു. കൊലേഗലിൽ നിന്ന് മൈസൂർ വഴി കോഴിക്കോട്ടേക്കുള്ള പാത കടുവ സങ്കേതത്തിന്റെ ഹൃദയഭാഗത്തിലൂടെ കടന്നുപോകുന്നതിനാൽ ബദൽപാത മെച്ചപ്പെടുത്തുകയാണ് വേണ്ടെന്നത് ബെഞ്ച് നിർദ്ദേശിച്ചു.
കേരളത്തിന് തിരിച്ചടിയായ നിരോധനത്തെ കർണാടകയും തമിഴ്‌നാടും പിന്തുണച്ചു. 75 കോടി മുടക്കി ബദൽ പാത വികസിപ്പിച്ചതായി കർണാടക സർക്കാർ കോടതിയെ അറിയിച്ചു.
ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന എൻ.എച്ച് 212ലെ സുൽത്താൻ ബത്തേരിക്കും ഗുണ്ടൽപേട്ടിനും എൻ.എച്ച് 67ൽ ഗുണ്ടൽപേട്ടിനും ഊട്ടിക്കുമിടയിലുമാണ് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ യാത്രാവിലക്കുള്ളത്.
ഈ സമയത്ത് അടിയന്തര സർവീസുകൾക്ക് പുറമേ നാല് ബസുകൾക്കും അനുമതിയുണ്ട്.
ദേശീയപാത 212-ലെ ഏറ്റവുമധികം വന്യജീവികളുള്ള 25 കിലോമീറ്റർ ഭാഗമാണിതെന്നാണ് കർണാടകയുടെ വാദം.
ദേശീയപാതയ്ക്കു പകരം കുട്ട, ഗോണിക്കുപ്പവഴി മാനന്തവാടിയിലേക്ക് എത്താവുന്ന ബദൽപാത ഉപയോഗിക്കണമെന്നും 35 കിലോമീറ്റർമാത്രമേ അധികദൂരം വരികയുള്ളൂവെന്നാണ് കർണാടകയുടെ നിലപാട്.
കേരളത്തിന്റെ നിലപാട്
യാത്രാ നിരോധനം വിനോദ സഞ്ചാരം, ചരക്ക് ഗതാഗതം, ആരോഗ്യം , ബിസിനസ് തുടങ്ങിയ മേഖലയിൽ തിരിച്ചടിയാണെന്ന് കേരളം വാദിച്ചു. വയനാട്ടിലൂടെ കോഴിക്കോടിനെയും മൈസൂരിനെയും ബന്ധിപ്പിക്കുന്ന നിർണായക പാതയാണിത്. ചരക്ക് ഗതാഗതത്തിന് അത്യാവശ്യമാണ്. ഏകപക്ഷീയ നിരോധനം സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയെന്നും കേരളം ചൂണ്ടിക്കാട്ടി.