jk

ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെ തുടർന്ന് നയതന്ത്ര ബന്ധം തരംതാഴ്ത്താനുള്ള പാകിസ്ഥാന്റെ തീരുമാനത്തോട് പ്രതികരിച്ച് ഇന്ത്യ. നയതന്ത്ര ആശയവിനിമയത്തിനുള്ള സ്വാഭാവിക മാർഗം സംരക്ഷിക്കാനായി, പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ലോകത്തിന് മുന്നിൽ ഭീതിജനകമായ സന്ദേശം നൽകാൻ ലക്ഷ്യമിട്ടാണ് പാക് നടപടി. പാകിസ്ഥാൻ ഉന്നയിക്കുന്ന കാരണങ്ങളൊന്നും വസ്തുതയ്ക്ക് നിരക്കുന്നതല്ല. ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട തീരുമാനങ്ങൾ തീർത്തും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്.

ഇന്ത്യൻ ഭരണഘടന എപ്പോഴും ഇന്ത്യയുടെ പരമാധികാര വിഷയമാണ്. ഭീതിജനകമായ ചിത്രമുണ്ടാക്കി ആ പരമാധികാരത്തിൽ ഇടപെടാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. കേന്ദ്രസർക്കാരിന്റെയും പാർലമെന്റിന്റെയും തീരുമാനം സാമൂഹ്യവും സാമ്പത്തികവും ലിംഗപരവുമായ വിവേചനവും അവസാനിപ്പിച്ച് ജമ്മുകാശ്മീരിന്റെ വികസനത്തിന് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ന്യായീകരിക്കാനായി ഇത്തരം വികസന പ്രവർത്തനങ്ങളെ നിഷേധാത്മകമായേ പാകിസ്ഥാൻ കാണുകയുള്ളൂവെന്നതിൽ അദ്ഭുതമില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ബുധനാഴ്ചയാണ് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്തി പാകിസ്ഥാനിലുള്ള ഇന്ത്യൻ ഹൈകമ്മിഷണറെ പുറത്താക്കിയത്. പാക് വ്യോമപാതയടയ്ക്കുകയും വ്യാപാര ബന്ധങ്ങൾ മരവിപ്പിക്കാനും തീരുമാനിച്ചിരുന്നു.