ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും പ്രത്യേക പദവി റദ്ദാക്കിയത് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാൻ സാദ്ധ്യതയുണ്ടെന്നും ഹർജി നൽകിയ അഭിഭാഷകൻ എം.എൽ. ശർമ്മ ചൂണ്ടിക്കാട്ടി. എന്നാൽ, രാഷ്ട്രപതിയുടെ ഉത്തരവും പാർലമെന്റ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയും യു.എൻ തടയുമോയെന്നായിരുന്നു ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.
കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ആക്ടിവിസ്റ്റ് തെഹ്‌സിൻ പൂനെവാലെയാണ് ഹർജി നൽകിയത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അപ്രഖ്യാപിത കർഫ്യൂവാണ് കാശ്മീരിലുള്ളതെന്ന് ഹർജിയിൽ ആരോപിച്ചു. ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചു. ന്യൂസ് ചാനലകൾ പ്രവർത്തിക്കുന്നില്ല. റേഷൻഷോപ്പുകളും, പഴം പച്ചക്കറി കടകളും അടച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ പോലും ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ആരോപിച്ചു.