modi

 370-ാം വകുപ്പ് ഭീകരതയ്ക്ക് വളം വച്ചു

ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ പുതുയുഗം പിറന്നെന്നും ഭീകരപ്രവർത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വർഗമായി ഈ നാടിനെ വീണ്ടെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

370-ാം വകുപ്പ് പ്രകാരം ജമ്മു കാശ്‌മീരിന് നൽകിവന്ന പ്രത്യേക പദവി റദ്ദാക്കിയതിനെ കുറിച്ച് ടെലിവിഷനിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഈ വകുപ്പ് സംസ്ഥാനത്തിന് ഭീകരപ്രവർത്തനവും അഴിമതിയും കുടുംബ ഭരണവും മാത്രമാണ് സമ്മാനിച്ചത്. പാകിസ്ഥാൻ അതിനെ ഭീകരത പരത്താനുള്ള ആയുധമാക്കുകയും ചെയ്‌തു.

ഈ തീരുമാനം ചരിത്രപരമാണ്. സർദ്ദാർ പട്ടേലിന്റെയും അംബേദ്കറുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും അടൽബിഹാരി വാജ്പേയിയുടെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ഈ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇപ്പോൾ എല്ലാ ഇന്ത്യക്കാർക്കും ഒരേ അവകാശം ലഭിച്ചിരിക്കുന്നു. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാവി ഇത് സുരക്ഷിതമാക്കും.

സുഗമമായ നിലയിൽ ഈദ് ആഘോഷങ്ങൾ നടത്താൻ സർക്കാർ ശ്രമിക്കുകയാണ്. ഈദിന് ജമ്മു കാശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാദ്ധ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പാക്കും. കുറഞ്ഞകാലത്തേക്ക് നേരിട്ട് കേന്ദ്രഭരണത്തിൻ കീഴിലാക്കിയത് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്. കേന്ദ്രസർക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ഗവർണർ ഭരണത്തിന് കീഴിലായപ്പോൾ മികച്ച ഭരണം നടന്നു. പുതിയ ഇന്ത്യയ്ക്കൊപ്പം നമ്മുക്ക് ഒരുമിച്ച് പുതിയ ജമ്മു കാശ്മീരും ലഡാക്കും നിർമ്മിക്കാം.

ജമ്മു കാശ്മീരിൽ ഉടൻ സ്വതന്ത്രവും നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തുമെന്നും സ്വന്തം എം.എൽ.എമാരും മുഖ്യമന്ത്രിയുമുണ്ടാകുമെന്നും മോദി പറഞ്ഞു. കാശ്മീരിന് പൂർണ സംസ്ഥാനപദവി എത്രയും വേഗം തിരികെ ലഭിക്കുമെന്നും രാജ്യ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കാനും മേഖലയിൽ പുതിയ സാഹചര്യമുണ്ടാക്കാൻ സഹായിക്കാനും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 ആർട്ടിക്കിൾ 370 വിഘടനവാദവും ഭീകരവാദവും കുടുംബ ഭരണവും മാത്രമാണ് സമ്മാനിച്ചത്

 ഭീകരവാദത്തിനും അഴിമതിക്കും ഇന്ധനമായി. പാകിസ്ഥാന് വേണ്ടി ആയുധമാക്കി

 നമ്മുടെ സഹോദരങ്ങൾക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു

 വികസനത്തിനുള്ള വലിയ തടസം നീങ്ങി

കേന്ദ്ര, സംസ്ഥാന സർവീസുകളിലെ ഒഴിവുകൾ നികത്താനുള്ള നടപടികൾ ഉടൻ തുടങ്ങും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും തൊഴിലവസരങ്ങളുണ്ടാക്കും.
 ജമ്മു കാശ്മീരിലെ യുവാക്കൾ മേഖലയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി മാറും. അന്താരാഷ്ട്ര സിനിമകൾ പോലും ഇവിടെ ചിത്രീകരിക്കപ്പെടും
 പൊലീസിനും ഗവൺമെന്റ് ജീവനക്കാർക്കും മറ്റുള്ള കേന്ദ്രഭരണപ്രദേശത്തിന് തുല്യമായ ആനുകൂല്യങ്ങൾ ഉടൻ ലഭിക്കും.

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ലഭിക്കും.