ന്യൂഡൽഹി: ദൈവത്തിന്റെ ജനനസ്ഥലത്തിന് നിയമപരമായ അധികാരമുണ്ടോയെന്ന് സുപ്രീംകോടതി. പ്രതിഷ്ഠയ്ക്ക് നിയമപരമായ അവകാശങ്ങളുണ്ട്. എന്നാൽ നിയമസാധുതയുള്ള വ്യക്തിത്വമായി ജന്മസ്ഥലത്തെ കാണാനാവുമോയെന്നും എങ്ങനെയാണ് ഭൂമി തർക്കകേസിൽ കക്ഷിയാവുകയെന്നും അയോദ്ധ്യകേസിലെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാബെഞ്ച് ഉന്നയിച്ചു.
ഹിന്ദുമതത്തിൽ ആരാധനയ്ക്ക് വിഗ്രഹം അനിവാര്യമല്ലെന്ന് രാംലല്ലയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.പരാശരൻ മറുപടി നൽകി. നദിയും സൂര്യനും ഹിന്ദുമതത്തിൽ ആരാധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ജന്മസ്ഥലം തന്നെ നിയമപരമായ വ്യക്തിത്വമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ചൈതന്യം അവിടെയുണ്ടെന്നാണ് വിശ്വാസം.
സ്വർഗത്തേക്കാൾ മഹത്വമുള്ളതാണ് ജന്മസ്ഥാനമെന്ന സംസ്കൃത ശ്ലോകവും പരാശരൻ ഉന്നയിച്ചു. നദിയെ ഒരു കേസിൽ ഹർജിക്കാരനായി അംഗീകരിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് അതിനിടെ ജസ്റ്റിസ് എസ്.എ ബോബ്ഡെ ചൂണ്ടിക്കാട്ടി. പ്രാർത്ഥനയ്ക്കുള്ള അവകാശം നിഷേധിക്കുന്നത് തെറ്റാണ്. തർക്കഭൂമി ഏറ്റെടുത്ത് റിസീവർ ഭരണത്തിന് ഉത്തരവിട്ട കേസിൽ മജിസ്ട്രേറ്റ് രാംലല്ലയെ കക്ഷിചേർത്തില്ലെന്നും പരാശരൻ ആരോപിച്ചു.