national-awards

ന്യൂഡൽഹി:പ്രതിഭയും സൗന്ദര്യവും ദുരന്തവും ഇഴചേർന്ന,അനശ്വരയായ ആദ്യകാല നടി സാവിത്രിയുടെ ജീവിതം 'മഹാനടി' എന്ന തെലുങ്ക് സിനിമയിലെ ഉജ്ജ്വല പ്രകടനത്തിലൂടെ അവിസ്‌മരണീയമാക്കിയ മലയാളി താരം കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. പ്രശസ്‌ത നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി.

2018ലെ ദേശീയ ചലച്ചിത്ര അവാർഡുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ബോളിവുഡ് സിനിമകളായ അന്ധാ ധുനിലെ മികവിന് ആയുഷ്‌മാൻ ഖുറാനയും ഉറി ദ സർജിക്കൽ സ്ട്രൈക്കിലെ മികവിന് വിക്കി കൗശലും മികച്ച നടനുള്ള ദേശീയപുരസ്കാരം പങ്കിട്ടു. ആദിത്യ ധർ ( ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് ) ആണ് മികച്ച സംവിധായകൻ. അഭിഷേക് ഷാ സംവിധാനം ചെയ്‌ത ഹെല്ലാരോ (ഗുജറാത്തി ) ആണ് മികച്ച ചിത്രം.

സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'യാണ് മികച്ച മലയാള ചിത്രം. ഷാജി. എൻ. കരുണിന്റെ 'ഓള്' എന്ന ചിത്രം അന്തരിച്ച കാമറാമാൻ എം.ജെ.രാധാകൃഷ്ണന് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ജോജു ജോർജ് ( ജോസഫ് ), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), ശ്രുതി ഹരിഹരൻ ( നാതിചരാമി - കന്നഡ ) എന്നിവർക്ക് പ്രത്യേക പരാമർശം. കമ്മാരസംഭവത്തിന് ബംഗ്ലൻ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്‌കാരം നേടി. അന്തരിച്ച സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ മകൻ എം.ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫി വിഭാഗത്തിൽ മികച്ച റീ റെക്കാർഡിസ്റ്റിനുള്ള പുരസ്കാരം നേടി.( രംഗസ്ഥലം - തെലുങ്ക്).

എസ്. ജയചന്ദ്രൻനായർ രചിച്ച 'മൗന പ്രാർത്ഥന പോലെ' മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അന്തരിച്ച ചലച്ചിത്രകാരൻ ജി. അരവിന്ദനെ പറ്റിയുള്ള ഈ ഗ്രന്ഥം കേരള ചലച്ചിത്ര അക്കാഡമിയാണ് പ്രസിദ്ധീകരിച്ചത്. സിനിമാ നിരൂപണത്തിനുള്ള അവാർഡിന് ബ്ലെയ്സ് ജോണിയും അർഹനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുട്ടിക്കാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചലോ ജീത്തേ ഹെ എന്ന ചിത്രത്തിന് നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച കുടുംബ മൂല്യ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.