ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വീട്ടുതടങ്കലിലായ സി.പി.എം നേതാവ് യൂസഫ് തരിഗാമി എം.എൽ.എ അടക്കമുള്ള നേതാക്കളെ സന്ദർശിക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയെയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് മടക്കിയയച്ചു. രാവിലെ വിമാനത്താവളത്തിൽ എത്തിയ ഇരുവരെയും നാലുമണിക്കൂർ ഒരു മുറിയിൽ തടഞ്ഞുവച്ചു. യാത്രാവിവരം ഗവർണർ സത്യപാൽ മാലിക്കിനെ മുൻകൂട്ടി അറിയിച്ചിരുന്നതായി നേതാക്കൾ പറഞ്ഞെങ്കിലും കേന്ദ്രസേന വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിച്ചില്ല.
വന്ന വിമാനത്തിൽതന്നെ തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെ തുടർന്ന് മജിസ്ട്രേറ്റ് എത്തി യാത്രാവിലക്ക് സംബന്ധിച്ച ഉത്തരവ് ഇരുവർക്കും നൽകി. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷ നൽകാനാവില്ലെന്നും അറിയിക്കുകയായിരുന്നു.
യെച്ചൂരിയെയും രാജയെയും തടഞ്ഞുവെച്ചത് ബി.ജെ.പി സർക്കാരിന്റെ സ്വേച്ഛാധിപത്യ മുഖമാണ് വെളിപ്പെടുന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ പ്രധാന രാഷ്ട്രീയ നേതാക്കളെയുൾപ്പെടെ വീട്ടുതടങ്കലിലാക്കിയത്. കാശ്മീരിലെ സ്ഥിതിഗതികളറിയാനെത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെയും ശ്രീനഗറിൽ നിന്ന് മടക്കി അയച്ചിരുന്നു.
കാശ്മീർ കേന്ദ്രസേനയുടെ പിടിയിൽ: യെച്ചൂരി
കാശ്മീർ പൂർണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണ്. വിമാനത്താവളത്തിലും സംസ്ഥാനത്തും തീരുമാനങ്ങളെടുക്കുന്നത് കേന്ദ്രസേനയാണ്. ഗവർണർ സത്യപാൽ മാലിക്കിനെ മുൻകൂട്ടി അറിയിച്ചിട്ടാണ് കാശ്മീരിലെത്തിയത്. വീട്ടുതടങ്കലിലായ, നാല് തവണ എം.എൽ.എയായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നും മരുന്നുകൾ എത്തിക്കേണ്ടതുണ്ടെന്നും അറിയിച്ചിട്ടും അനുവാദം തന്നില്ല. സ്വതന്ത്രമായി യാത്രചെയ്യാനുള്ള ജനാധിപത്യ അവകാശമാണ് കേന്ദ്രസർക്കാർ നിഷേധിച്ചത്.
ജനങ്ങൾ ആശങ്കയിൽ: ഡി.രാജ
കാശ്മീർ സ്വഭാവിക സ്ഥിതിയിലല്ല. വിമാനത്താവളത്തിൽവെച്ച് സംസാരിച്ചവർ ജനങ്ങൾ ഭീതിയിലാണെന്ന് വ്യക്തമാക്കി. ജനങ്ങൾ ഭാവിയെക്കുറിച്ച് ആശങ്കയിലാണ്. ഇന്ത്യ എല്ലാവരുടേതുമാണ്. ബി.ജെ.പി സർക്കാരിന്റെ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല.