kerala-flood-
KERALA FLOOD

ന്യൂഡൽഹി: മഴക്കെടുതികളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമെന്ന നിലയിൽ

കേരളത്തിന് 52.27 കോടി രൂപ അനുവദിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രളയ ദുരന്തം നേരിടാൻ കേന്ദ്രം കഴിഞ്ഞവർഷം അനുവദിച്ച 2107 കോടിയിൽ 1400 കോടിയോളം രൂപ സംസ്ഥാന സർക്കാരിൻറെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പൂർണ്ണ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര സേന ഉൾപ്പെടെ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായവും കേന്ദ്രം എത്തിച്ചിട്ടുണ്ട് .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നിർദ്ദേശപ്രകാരം ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് കേരളത്തിലെ സാഹചര്യം നിരന്തരം അവലോകനം ചെയ്യുന്നുണ്ട്.300 സേനാംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്ര ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 13 സംഘം നിലവിൽ കേരളത്തിലുണ്ട്. ഇവരെ വയനാട്ടിൽ 5, മലപ്പുറത്ത് 3 ,ഇടുക്കി,പത്തനംതിട്ട, തൃശ്ശൂർ, ആലപ്പുഴ,കോഴിക്കോട് എന്നിവിങ്ങളിൽ ഓരോന്ന് വീതം എന്നിങ്ങനെ വിന്യസിച്ചിട്ടുണ്ട്. 35 പേർ വീതമുള്ള ആർമിയുടെ ആറ് കോളം ജവാന്മാരെത്തിയിട്ടുണ്ട്. എമർജൻസി ടാസ്ക് ഫോഴ്സിന്റെ 20 പേർ വീതമുള്ള മൂന്ന് സംഘവമുണ്ട്. എയർഫോഴ്സിന്റെ ഒരു എം.17 ഹെലികോപ്ടർ മലപ്പുറത്തും വയനാട്ടിലുമായി ലഭ്യമാണ്. കോസ്റ്റ്ഗാർഡിന്റെ മൂന്നും മെഡിക്കൽ റസ്ക്യൂ കോറിന്റെ രണ്ടും സംഘങ്ങളുണ്ട്.
സംസ്ഥാനസർക്കാരുമായി ഫലപ്രദമായ ഏകോപനം നടക്കുന്നുണ്ടെന്നും, സംസ്ഥാനം വിവരങ്ങൾ കൃത്യമായി ധരിപ്പിക്കുന്നുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു

.സാധാരണഗതിയിൽ ,കൃത്യമായി കണക്കുകൾ അയക്കുന്നതിനനുസരിച്ചാണ് കേന്ദ്രം സഹായം നൽകുന്നത്. എന്നാൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കണക്കുകൾക്ക് കാത്തിരിക്കാതെ സാമ്പത്തിക സഹായം അനുവദിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. കേരളത്തിലെ ദുരിതബാധിതമേഖലകൾ ഇപ്പോൾ സന്ദർശിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എത്താത്തതെന്നും മുരളീധരൻ പറഞ്ഞു.