sonia-gandhi

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ നേതൃത്വത്തിൽ വരണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളിയ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇടക്കാല പ്രസിഡന്റായി മുൻ അദ്ധ്യക്ഷയും യു.പി.എ ചെയർപേഴ്സണുമായ സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ സ്ഥാനമൊഴിഞ്ഞ് രണ്ടര മാസത്തിന് ശേഷമാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സോണിയ വരുന്നത്. 1998ൽ കോണൺഗ്രസ് അദ്ധ്യക്ഷയായ സോണിയ 19 വർഷം പാർട്ടിയെ നയിച്ചു. കൂടുതൽകാലം അദ്ധ്യക്ഷ പദവി വഹിച്ചയാളാണെന്ന ഖ്യാതിയോടെ 2017 ഡിസംബറിലാണ് പദവി രാഹുലിന് കൈമാറിയത്.


ഇന്നലെ ചേർന്ന പ്രവർത്തക സമിതി രാഹുൽ തുടരണമെന്ന് ആവർത്തിച്ചെങ്കിലും അദ്ദേഹം അത് തള്ളി. തുടർന്ന് രാഹുൽ ഒരു പേര് നിർദ്ദേശിക്കണമെന്ന് ആവശ്യമുയർന്നു. ഇതും രാഹുൽ തള്ളി. എന്നാൽ പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഗാന്ധി കുടുംബം തന്നെ നേതൃനിരയിൽ വേണമെന്ന് നേതാക്കൾ നിലപാടെടുത്തു. തുടർന്നാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്.

നേതാക്കളുടെ നിലപാടിൽ അതൃപ്‌തി രേഖപ്പെടുത്തിയ രാഹുൽ പ്രവർത്തകസമിതി തീരും മുമ്പ് ഇറങ്ങിപ്പോയി. പുറത്തെത്തി മാദ്ധ്യമങ്ങളെ കണ്ട രാഹുൽ കശ്‌മീർ വിഷയം ചർച്ച ചെയ്യാനായി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലുള്ള നടപടികൾ നിറുത്തിവച്ചെന്ന് പറഞ്ഞു. ജമ്മുകശ്മീരിലും ലഡാക്കിലും എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

പിന്നാലെ പുറത്തിറങ്ങിയ മുതിർന്ന നേതാവ് ഗുലാംനബി ആസാദാണ് സോണിയ അദ്ധ്യക്ഷയാകുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വക്താവ് രൺദീപ് സിംഗ് സുർജേവാലയും സോണിയയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാഹുൽ അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെടുന്നതും അദ്ധ്യക്ഷ പദവിയിലെ സേവനത്തിന് രാഹുലിന് നന്ദിയറിയിച്ചും സോണിയ പുതിയ അദ്ധ്യക്ഷയാകണമെന്ന് നിർദ്ദേശിച്ചുമുള്ള മൂന്നുപ്രമേയങ്ങൾ പ്രവർത്തക സമിതി പാസാക്കി.

മേയ് 25ന് ചേർന്ന പ്രവർത്തകസമിതിയിലാണ് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്. പ്രവർത്തക സമിതി ഏകകണ്ഠമായി ഇത് തള്ളിയെങ്കിലും രാജിയിൽ ഉറച്ചു നിന്ന രാഹുൽ ജൂലായ് 3ന് ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തുവിട്ടു. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ 77 ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാവിലെ ചേർന്ന പ്രവർത്തക സമിതി രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. തുടർന്ന് അഞ്ച് മേഖലകളായി തിരിഞ്ഞ് പ്രവർത്തകസമിതി അംഗങ്ങൾ പുതിയ അദ്ധ്യക്ഷനായുള്ള ചർച്ച നടത്തി.
കിഴക്കൻ മേഖലയുടെ യോഗം സോണിയയുടെയും പടിഞ്ഞാറൻ മേഖലയുടെ യോഗം രാഹുലിന്റെയും നേതൃത്വത്തിൽ ചേരുമെന്നാണ്‌ ആദ്യം അറിയിച്ചിരുന്നത്‌. എന്നാൽ തീരുമാനത്തിൽ തങ്ങളുടെ സ്വാധീനം ഉണ്ടാവരുതെന്ന് വ്യക്തമാക്കി രാഹുലും സോണിയയും വിട്ടുനിന്നു. വടക്കൻ മേഖല യോഗത്തിന്‌ നേതൃത്വം നൽകിയ പ്രിയങ്ക ഗാന്ധി മാത്രമാണ്‌ നെഹ്‌റു കുടുംബത്തിൽ നിന്ന്‌ പങ്കെടുത്തത്‌. കേരളമടക്കമുള്ള തെക്കൻ മേഖലാ യോഗത്തെ മൻമോഹൻ സിംഗ് നയിച്ചു. കിഴക്കൻ മേഖല സുഷ്മിത ദേവിന്റെയും പടിഞ്ഞാറൻ മേഖല ഗൗരവ് ഗോഗോയിയുടെയും അദ്ധ്യക്ഷതയിൽ നടന്നു. തുടർന്ന് രാത്രി 8.45ന് ചേർന്ന പ്രവർത്തകസമിതിയിൽ അഞ്ച് മേഖലകളും രാഹുൽ തുടരണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. ഇതിൽ ക്ഷുഭിതനായ രാഹുൽ കടുത്ത അതൃപ്തിയറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കോ കഴി‌ഞ്ഞ ലോക്സഭയിൽ കോൺഗ്രസിനെ നയിച്ച മല്ലികാർജ്ജുന ഖാർഗെയോ അദ്ധ്യക്ഷനാകുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. അല്ലെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് വരെ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാൻ തീരുമാനിക്കുമെന്നും സൂചനകളുണ്ടായിരുന്നു.