ന്യൂഡൽഹി: പ്രളയദുരന്തം അനുഭവിക്കുന്ന കേരളം ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിക്കാത്തതിൽ വിമർശനം ഉന്നയിച്ച് സി.പി.എം. അമിത്ഷാ വ്യോമനിരീക്ഷണം നടത്തിയത് ബി.ജെ.പി ഭരണത്തിലുള്ള മഹാരാഷ്ട്രയിലും കർണാടകത്തിലും മാത്രമാണെന്ന് സി.പി.എം പി.ബി പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ നാശമുണ്ടായ കേരളത്തെ ഒഴിവാക്കിയത് ബോധപൂർവമാണെന്ന് തോന്നലാണുണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ആർ.എസ്.എസ് -ബി.ജെ.പി അനുഭാവികളിൽ ചിലർ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ്. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ പോലും രാഷ്ട്രീയപക്ഷപാതം കാട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും പി.ബി പ്രസ്താവനയിൽ പറഞ്ഞു.
പ്രളയദുരന്തം നേരിടാൻ സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം ആവശ്യമായ സഹായം നൽകണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങളിലും നാശനഷ്ടത്തിലും പി.ബി ആശങ്ക പ്രകടിപ്പിച്ചു.
2018ൽ മഹാപ്രളയമുണ്ടായ കേരളത്തിലാണ് ഒരു വർഷം കഴിഞ്ഞപ്പോൾ ഏറ്റവും രൂക്ഷമായി പ്രളയക്കെടുതി ആവർത്തിക്കുന്നത്. 72 മൃതദേഹം ഇതിനകം കണ്ടെടുത്തിട്ടുണ്ട്. മൂന്നുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. എൽ.ഡി.എഫ് സർക്കാർ കാര്യക്ഷമമായ വിധത്തിലാണ് പ്രകൃതിദുരന്തം കൈകാര്യം ചെയ്യുന്നതെന്നും പി.ബി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.