kashmir-election

ഒറ്റ രാത്രികൊണ്ട് ഒന്നും ശരിയാകില്ല

ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഒറ്റ രാത്രികൊണ്ട് ഒന്നും നേരെയാവില്ലെന്ന് വാക്കാൽ പറഞ്ഞ ജസ്റ്റിസ് അരുൺമിശ്രയുടെ മൂന്നംഗ ബെഞ്ച് കാശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കാൻ സർക്കാരിന് സമയം നൽകണമെന്നും നിരീക്ഷിച്ചു.

കാശ്‌മീരിലെ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് തെഹ്സിൻ പൂനാവാലെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.
കാശ്‌മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമറിയില്ല. നാളെ എന്തെങ്കിലും സംഭവിച്ചാൽ ആരെയാണ് കുറ്റംപറയുക. പരീക്ഷണം നടത്താനാകില്ല. ഇത് ഗുരുതരമായ പ്രശ്നമാണ്. ഇപ്പോൾ കോടതിക്ക് ഇടപെടാനാകില്ല. സർക്കാരിന് കുറച്ചുസമയം നൽകണം. ഒരു രാത്രി കൊണ്ട് ഒന്നും ചെയ്യാനാകില്ല. സാധാരണനിലയിലേക്ക് കാര്യങ്ങളെത്തുമെന്ന് പ്രതീക്ഷിക്കാം - വാദത്തിനിടെ ബെഞ്ച് പറഞ്ഞു.

കർഫ്യൂ എത്രനാൾ നീളുമെന്ന് കേന്ദ്രസർക്കാരിനോട് കോടതി ചോദിച്ചു. കാശ്‌മീരിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും സാധാരണനില കൈവരിക്കും വരെ ജനങ്ങളെ കാര്യമായി ബുദ്ധിമുട്ടിക്കാത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നതെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. ഓരോ ദിവസവും കാര്യങ്ങൾ മാറുന്നുണ്ട്. പടിപടിയായി നിയന്ത്രണങ്ങൾ ഇളവു ചെയ്യുകയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒരു ജീവൻ പോലും നഷ്ടമായിട്ടില്ല. 2016ൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ അക്രമം നിയന്ത്രിക്കാൻ മൂന്നുമാസത്തിലേറെ വേണ്ടിവന്നു. 47 പേർ കൊല്ലപ്പെട്ടു - അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലകൾ തോറും ജില്ലാ മജിസ്ട്രേട്ടുമാർ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നില മെച്ചപ്പെടുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ മാറ്റുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ആശുപത്രികൾ, പൊലീസ്, സ്കൂൾ തുടങ്ങിയ അടിയന്തര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഉത്തരവിറക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഇന്റർനെറ്റും മൊബൈലും തടഞ്ഞതിനാൽ സൈനികർക്ക് പോലും വീട്ടിലേക്ക് വിളിക്കാനാവുന്നില്ല. ദീപാവലിക്ക് അമ്മയോട് സംസാരിക്കാനാകാത്തത് ആലോചിച്ചുനോക്കൂ. ജനങ്ങൾക്ക് ആശുപത്രിയിലെത്താൻപോലും കഴിയുന്നില്ല. അപ്രഖ്യാപിത കർഫ്യൂവാണ് കാശ്മീരിലുള്ളത്. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയതടക്കം സർക്കാരിന്റെ നടപടികൾ അന്വേഷിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കണമെന്നും പൂനാവാലെ ഹർജിയിൽ ആവശ്യപ്പെട്ടു.

കുറച്ചുസമയം കാത്തിരിക്കൂ. കേന്ദ്രസർക്കാരിന് സമയം നൽകേണ്ടതുണ്ട്. എന്നിട്ടും ഒരുമാറ്റവുമില്ലെങ്കിൽ പൂർണവിവരങ്ങളോടെ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.