ayodhya-case-

ന്യൂഡൽഹി:അയോദ്ധ്യയിലെ രാമജന്മഭൂമി മൂന്നായി വിഭജിക്കാനാകില്ലെന്ന് രാംലല്ല സുപ്രീംകോടതിയിൽ പറഞ്ഞു. ജന്മസ്ഥലം തന്നെയാണ് ഇവിടെ ആരാധനാമൂർത്തി.അതിൽ മറ്റാർക്കും അവകാശവാദമുന്നയിക്കാനാകില്ലെന്നും അയോദ്ധ്യകേസിലെ അന്തിമവാദത്തിനിടെ രാംലല്ലയ്ക്കായി മുതിർന്ന അഭിഭാഷകൻ സി.എസ് വൈദ്യനാഥൻ പറഞ്ഞു. അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് രാമജന്മഭൂമി ഭൂമി കേസിൽ തർക്കമുള്ള 2.77 ഏക്കർ സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 അപ്പീലുകളിലാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുൻപാകെ അന്തിമവാദം തുടരുന്നത്. നിലവിലെ തർക്ക സ്ഥലത്ത് പള്ളി നിർമ്മിക്കുന്നതിന് മുൻപ് തന്നെ ക്ഷേത്രമുണ്ടായിരുന്നു. അലഹാബാദ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ഡിമാർ ഇത് ശരിവയ്ക്കുന്നുണ്ട്. ക്ഷേത്ര അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി നിർമ്മിച്ചതെന്ന് ജസ്റ്റിസ് എസ്.യു ഖാൻ പറയുന്നുമുണ്ട്. 438 വർഷമായി ഈ സ്ഥലം തങ്ങളുടെ ഉടമസ്ഥതതയിലാണെന്ന് മുസ്‌ലിം കക്ഷി പറയുന്നു. എന്നാൽ മുസ്‌ലിം വിഭാഗത്തിന് തുടർച്ചയായ കൈവശാവകാശമുണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി വിധിയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 1850നും 1949നുമിടയിൽ മുസ്‌ലിം വിശ്വാസികൾ പ്രാർത്ഥന നടത്തിയാലും ആ സ്ഥലത്തിന്റെ മൂന്നിലൊന്ന് അവകാശപ്പെടാനാകില്ല. 1855 നും 1949നും ഇടയിൽ പള്ളിയിൽ നിസ്കാരം നടന്നതായും തെളിവില്ല. ബാബറാണ് പള്ളി നിർമ്മിച്ചത് എന്നതിനും തെളിവില്ല. രാമജന്മഭൂമിയിൽ ഹിന്ദു വിശ്വാസികൾ പരിക്രമം ചെയ്യുന്നത് മദ്ധ്യകാലത്തെ വിദേശ സഞ്ചാരികളുടെ യാത്രാവിവരണത്തിൽ പരാമർശിക്കുന്നുണ്ട്. ഒരു ദേവതയുടെ അല്ലെങ്കിൽ ഒരു സ്ഥലത്തിന്റെ ശക്തിയിലുള്ള വിശ്വാസമാണ് ക്ഷേത്ര നിലനിൽപ്പിൽ പ്രധാനം. നദികളും കൈലാസം പോലെയുള്ള മലകളും ആരാധനാസ്ഥലമായി പരിഗണിക്കുന്നു. പ്രതിഷ്ഠയുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ തന്നെ ആരാധനാമൂർത്തിയായി കാണാം.സ്ഥലത്തിന്റെ വിശുദ്ധതയാണ് പ്രധാനം. അങ്ങനെയുള്ള വിശുദ്ധത ശാശ്വതവും തകർക്കാൻ പറ്റാത്തതുമാണ്. ക്ഷേത്രത്തെയോ പ്രതിഷ്ഠയെയോ തകർത്ത് പള്ളിയുണ്ടാക്കിയാലും അവിടെയുള്ല ആരാധനാമൂർത്തിയോ അവകാശമോ ഇല്ലാതാകുന്നില്ല. ക്ഷേത്ര കെട്ടിടം നശിച്ചിട്ടുണ്ടാകാം. എന്നാൽ യഥാർത്ഥ ഭക്തന്മാർ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.