kasmir-

ഹർജികളിൽ സാങ്കേതിക തകരാർ

മാധ്യമ സ്വാതന്ത്ര്യം ഹനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ വിമർശനം. പിഴവുകൾ പരിഹരിച്ച് ഹർജികൾ നൽകാനും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ജമ്മുകാശ്‌മീരിൽ മാദ്ധ്യമ നിയന്ത്രണം ഉടൻ ഒഴിവാക്കുമെന്ന്

കേന്ദ്രസർക്കാർ അറിയിച്ചു.

രാഷ്‌ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ അഭിഭാഷകനായ എം. എൽ. ശർമ്മ നൽകിയ ഹർജിയിലാണ് സുപ്രീകോടതി പിഴവ് ചൂണ്ടിക്കാട്ടിയത്. അരമണിക്കൂർ വായിച്ചിട്ടും ഹർജി മനസിലായില്ലെന്നും എന്താണ് ഹർജിക്കാരൻ ഉദ്ദേശിച്ചതെന്നും ചീഫ് ജസ്‌‌റ്റിസ് ചോദിച്ചു. രാഷ്‌ട്ര്രപതിയുടെ വിജ്ഞാപനമാണോ ചോദ്യം ചെയ്യുന്നത്. അത് ഹർജിയിൽ വ്യക്തമല്ല. സാങ്കേതിക തരാറുള്ള ഹർജി തള്ളേണ്ടതാണ്. സമാനമായ ആറ് ഹർജികൾ കൂടി ഉള്ളതിനാൽ അതു ചെയ്യുന്നില്ല. പുതിയ ഹർജികൾ സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി കേസ് പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ചു.

ജമ്മുകാശ്‌മീരിലെ മാദ്ധ്യമ നിയന്ത്രണം ചൂണ്ടിക്കാട്ടി കാശ്‌മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിൻ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കാര്യങ്ങൾ ഉടൻ പൂർവ്വ സ്ഥിതിയിലാകുമെന്നും ഘട്ടംഘട്ടമായി നിയന്ത്രണം നീക്കുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചത്. ഫോൺ സംവിധാനങ്ങൾ ഉടൻ പൂർവ്വ സ്ഥിതിയിലാകുമെന്ന് റിപ്പോർട്ടുണ്ടെന്ന് ചീഫ് ജസ്‌റ്റിസും വ്യക്തമാക്കി.