ന്യൂഡൽഹി: കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ഗുസ്‌തിയിൽ സ്വർണ മെഡൽ നേടി രാജ്യത്തിന്റെ യശസുയർത്തിയ ബജ്‌രംഗ് പൂനിയയ്‌ക്ക് ഉന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്ന നൽകി ആദരിക്കാൻ 12 അംഗ സെലക്‌ഷൻ കമ്മിറ്റി കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. ജസ്‌റ്റിസ് മുകുന്ദകം ശർമ്മ അദ്ധ്യക്ഷനായ കമ്മിറ്റി അർജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങളിൽ ഇന്നു തീരുമാനമെടുക്കും. ഫുട്ബാൾ താരം ബൈജുംഗ് ബൂട്ടിയ, ബോക്‌സിംഗ് താരം മേരികോം എന്നിവരും കമ്മിറ്റി അംഗങ്ങളാണ്.
ബജ്‌രംഗ് പൂനിയയുടെ പേര് ഏകകണ്ഠമായാണ് നിർദ്ദേശിച്ചതെന്ന് കമ്മിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മെഡലുകൾ ലക്ഷ്യമിട്ടാണ് താൻ കഠിന പ്രയത്‌നം നടത്തുന്നതെന്നും അവാർഡുകൾ ആഗ്രഹിച്ചിട്ടില്ലെന്നും പൂനിയ പ്രതികരിച്ചു. അതേസമയം മികച്ച പ്രകടനത്തിനൊപ്പം അംഗീകാരങ്ങൾ കടന്നു വരുമെന്നും കസാക്കിസ്ഥാനിൽ സെപ്‌തംബറിൽ നടക്കുന്ന ലോകഗുസ്‌തി ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് ജോർജിയയിൽ പരിശീലനം നടത്തുന്ന പൂനിയ പറഞ്ഞു. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 65കിലോ വിഭാഗത്തിലാണ് പൂനിയ സ്വർണം നേടിയത്. ഗോൾഡ് കോസ്‌റ്റ് കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും ഇതേ വിഭാഗത്തിൽ ജേതാവായി. ലോക ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്‌വച്ചിട്ടുള്ള പൂനിയ ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്.
ദ്രോണാചാര്യ പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ പട്ടികയിൽ കേരളത്തിൽ നിന്ന് അത്‌ലറ്റിക് പരിശീലകൻ രാധാകൃഷ്‌ണന്റെ പേരും ഉൾപ്പെട്ടതായി സൂചനയുണ്ട്.