air-force

ന്യൂഡൽഹി: പ്രളയം വിഴുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ചണ്ഡിഗഡിൽ നിന്ന് മരുന്നുകൾ എത്തിക്കാൻ ശ്രമിച്ച കേരള സർക്കാരിനോട് വൻ തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി വിവാദമാകുന്നു. പണം നൽകാതെ വിമാനമില്ലെന്ന സേനയുടെ കടുംപിടിത്തത്തെ തുടർന്ന് റോഡ് മാർഗം ഡൽഹിയിലെത്തിച്ച് കമേഴ്സ്യൽ വിമാനങ്ങളിൽ സൗജന്യമായാണ് മരുന്നുകൾ കൊച്ചിയിൽ കൊണ്ടുവന്നത്.

ഇൻസുലിൻ, ആന്റിബയോട്ടിക്കുകൾ, ഒ.ആർ.എസ് എന്നിവ അടക്കം അവശ്യമരുന്നുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ കൈയുറ, മാസ്‌ക്, ക്ളോറിൻ ഗുളിക എന്നിവയടക്കമുള്ള സാധനങ്ങളുമാണ് ചണ്ഡിഗഡിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിൽ നിന്ന് കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം വഴി ശേഖരിച്ചത്. ഇൻസുലിൻ അടക്കമുള്ളവ പെട്ടെന്ന് വിതരണം ചെയ്യേണ്ടതിനാൽ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. എന്നാൽ, മണിക്കൂറിന് 60 ലക്ഷം രൂപ തോതിൽ രണ്ടര കോടി രൂപ അടച്ചാൽ മരുന്ന് കൊച്ചിയിൽ എത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. പ്രളയത്തിന്റെ പേരിൽ ഇളവുകൾ അനുവദിക്കാനാകില്ലെന്നും പറഞ്ഞു. തുടർന്നാണ് റോഡ്‌ മാർഗം സ്വീകരിച്ചത്.
ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സർവീസുകളിൽ മരുന്നുകൾ സൗജന്യമായി കൊണ്ടുപോകാൻ എയർഇന്ത്യ, വിസ്‌താര കമ്പനികൾ തയ്യാറായി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, റസിഡന്റ്സ് കമ്മിഷണർ പുനീത് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കേരളാഹൗസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മരുന്നുകൾ അടങ്ങിയ ലോഡ് വിമാനത്താവളത്തിലെ കാർഗോയിൽ എത്തിക്കുകയായിരുന്നു. ചണ്ഡിഗഡ്, ഭോപ്പാൽ എന്നിവിടങ്ങളിൽ നിന്ന് 22.5 ടൺ മരുന്നും മറ്റ് അവശ്യ വസ്‌തുക്കളുമാണ് കൊണ്ടുവന്നത്.