പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ ആരെന്ന ചോദ്യം ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളിൽ ഉയർന്നു കേട്ടിരുന്നു. അരുൺ ജയ്‌റ്റ്‌ലിയെയും രാജ്നാഥ് സിംഗിനെയും കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. ലോക്‌സഭയിലെ രണ്ടാമന്റെ പദവി രാജ്നാഥിനായിരുന്നെങ്കിലും ഒന്നാം മോദി സർക്കാരിലെ നിർണായക പ്രഖ്യാപനങ്ങളായ നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയ ധനമന്ത്രിയായിരുന്ന അരുൺ ജയ്‌റ്റലിയെയാണ് പൊതുവെ രണ്ടാമനായി വിശേഷിപ്പിച്ചിരുന്നത്.
നിർണായ ഘട്ടങ്ങളിൽ സുപ്രധാന വകുപ്പുകളായ പ്രതിരോധം, വാർത്താ വിതരണം, കോർപറേറ്റ് കാര്യം, വാണിജ്യം തുടങ്ങിയവയുടെ ചുമതലയും മോദി നൽകിയത് ജയ്‌റ്റ്‌ലിയിലുള്ള വിശ്വാസവും അദ്ദേഹത്തിന്റ കഴിവും കണക്കിലെടുത്താണ്. വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമേറ്റ നരേന്ദ്ര മോദി സർക്കാരിൽ വീണ്ടുമൊരു സുപ്രധാന പദവിയിൽ അദ്ദേഹം ഉണ്ടാകുമായിരുന്നു. ആരോഗ്യം ക്ഷയിച്ചില്ലായിരുന്നെങ്കിൽ.
വാജ്‌പേയി- അദ്വാനി ദ്വയം ബി.ജെ.പി വാഴുന്ന കാലത്ത് പാർട്ടി വക്താവായാണ് ദേശീയതലത്തിൽ അദ്ദേഹം തിളങ്ങിയത്. 1999ൽ വാജ്‌പേയി സർക്കാരിൽ വാർത്താ വിതരണ വകുപ്പിന്റെ സ്വതന്ത്രചുമതലയോടെ മന്ത്രിയായി അരങ്ങേറ്റം. നിയമം, കമ്പനികാര്യം, ഷിപ്പിംഗ് എന്നിവയ്‌ക്കൊപ്പം പുതുതായി രൂപം നൽകിയ ഒാഹരി വിറ്റഴിക്കൽ മന്ത്രാലയത്തിന്റെ ചുമതലയും. ഇടക്കാലത്ത് പാർട്ടി ചുമതലകൾക്കായി വിട്ടു നിന്ന ശേഷം 2013ൽ വീണ്ടും മന്ത്രിസഭയിൽ. 2000-ൽ ഗുജറാത്തിൽ നിന്നാണ് രാജ്യസഭാംഗമായി പാർലമെന്റിലെത്തിയത്. 2009 മുതൽ 2014 വരെയുള്ള യു.പി.എ ഭരണകാലത്ത് രാജ്യസഭാ പ്രതിപക്ഷ നേതാവായും തിളങ്ങി.
2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത്‌സർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ക്യാപ്‌ടൻ അമരീന്ദർ സിംഗിനോട് പരാജയപ്പെട്ടെങ്കിലും മോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾ കയ്യാളി ശക്തമായി തിരിച്ചുവന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ മോദിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ധനമന്ത്രിയെന്ന നിലയിൽ മോദി സർക്കാരിലെ ആദ്യ ബഡ്‌ജറ്റ് കയ്യടി നേടി. പിന്നീട് മോദി സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളായ നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കി വിശ്വാസം കാത്തു.
പ്രതിരോധ വകുപ്പിന്റെ അധിക ചുമതല അടക്കം ആരോഗ്യം വകവയ്‌ക്കാതെയുള്ള ഔദ്യോഗിക തിരക്കുകൾക്ക് അദ്ദേഹത്തിന് വലിയ വില നൽകേണ്ടി വന്നു. പണ്ടേയുള്ള പ്രമേഹം നിരന്തരം അലട്ടി. ശരീരത്തിലെ കൊഴുപ്പു കുറയ്‌ക്കാൻ ശസ്‌ത്രക്രിയ നടത്തിയത് കൂടുതൽ വിനയായി. പിന്നാലെ വൃക്ക മാറ്റിിവയ്‌ക്കൽ ശസ്‌ത്രക്രിയ. രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് തൊലിപ്പുറത്തെ കാൻസർ രോഗം പിടികൂടിയത്.
വിദേശത്ത് ചികിത്സ തേടിയ ജയ്‌റ്റലിയുടെ അസാന്നിധ്യത്തിൽ ഒന്നാം മോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരിപ്പിച്ചത് പാർട്ട് ടൈം മന്ത്രിയായ പിയൂഷ് ഗോയൽ ആണ്. മഹാഭൂരിപക്ഷത്തിൽ ജയിച്ച് മോദി തിരിച്ചെത്തിയപ്പോൾ അനാരോഗ്യം കാരണം സ്വയം മാറി നിന്നു. മന്ത്രിമന്ദിരം അടക്കം ഉപേക്ഷിച്ച് അദ്ദേഹം മാതൃക കാട്ടി. പക്ഷേ ആരോഗ്യം കൂടുതൽ വഷളായതോടെ ആഴ്‌ചകളായി എയിംസിൽ ചികിത്സയിലായിരുന്നു. എങ്കിലും ആശുപത്രികിടക്കയിലും ബ്ളോഗിലൂടെ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകൾ കുറിച്ച് അദ്ദേഹം സാന്നിധ്യമറിയിച്ചു.
പ്രതിപക്ഷത്തിന്റെ ആശങ്കകളും ആവശ്യങ്ങളും മോദി സർക്കാരിലെത്തിച്ച പാലമായിരുന്നു ജയ്‌റ്റ്‌ലി. മാദ്ധ്യമ പ്രവർത്തകരുമായും അടുപ്പം പുലർത്തിയ നേതാവാണ്. സുഷമാ സ്വരാജിന് പിന്നാലെ ബി.ജെ.പിയിലെ മറ്റൊരു ചിരിമുഖം കൂടി അടർന്നു മാറുന്നത് ദേശീയ രാഷ്‌ട്രീയത്തിലാകെ പ്രതിഫലിക്കുമെന്നുറപ്പ്.