ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജയ്‌റ്റലിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശ്വസനം ഉൾപ്പടെ പ്രധാന ശാരീരിക പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. ജയ്‌റ്റ്‌ലിയെ കാണാൻ പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ ആശുപത്രിയിൽ എത്തുന്നുണ്ട്.
ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് എക്‌മോ യന്ത്രത്തിന്റെ സഹായത്തോടെയാണ് ശ്വസന പ്രക്രിയ അടക്കം നടക്കുന്നത്. ശ്വാസ തടസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആഗസ്‌റ്റ് 9ന് എയിംസിൽ പ്രവേശിപ്പിച്ച ജയ്‌റ്റ്‌ലിയുടെ ആരോഗ്യ നില കൂടുതൽ വഷളാകുകയായിരുന്നു. ആഗസ്‌റ്റ് 10നു ശേഷം എയിംസ് അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതി സംബന്ധിച്ച ബുള്ളറ്റിൻ ഇറക്കിയിട്ടില്ല.
വെള്ളിയാഴ്‌ച സ്ഥിതി വഷളായതിനെ തുടർന്ന് കേന്ദ്ര മന്ത്രിമാരായ അമിത് ഷായും ഡോ. ഹർഷ് വർദ്ധനും ആശുപത്രിയിലെത്തിയിരുന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ജയ്‌റ്റ്‌ലിയെ കാണാനെത്തി. ഇന്നലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.എസ്.പി നേതാവ് മായാവതി, കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ, കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, മനു അഭിഷേക് സിംഗ്‌വി തുടങ്ങിയവർ സന്ദർശനം നടത്തി.
പ്രമേഹ രോഗിയായ അരുൺ ജയ്‌റ്റ്‌ലി വൃക്കമാറ്റൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. പിന്നീട് തൊലിപ്പുറത്ത് കാൻസർ ബാധിച്ചത് ആരോഗ്യ സ്ഥിതി വഷളാക്കി. രാജ്യസഭാംഗമായ അദ്ദേഹം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് രണ്ടാം മോദി സർക്കാരിൽ മന്ത്രിസഭയിൽ അംഗമാകാതിരുന്നതും. ചികിത്സയ്‌ക്കായി വിദേശത്ത് പോയതിനാൽ കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരിപ്പിക്കാനും ജയ്‌റ്റലിക്ക് കഴിഞ്ഞില്ല.