ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കി ജമ്മുകാശ്‌മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിനെതിരെ റിട്ട.മേജർ ജനറൽ ഉൾപ്പെടെ ആറ് മുൻ ഉന്നത ഉദ്യോഗസ്ഥർ സുപ്രീംകോടതിയെ സമീപിച്ചു. 1965ലെയും 1971ലെയും ഇന്ത്യ - പാക് യുദ്ധങ്ങളിൽ പങ്കെടുത്ത റിട്ട.മേജർ ജനറൽ അശോക് മെഹ്‌റ, മുൻ എയർവൈസ് മാർഷൽ കപിൽ കാക്ക്, ജമ്മുകാശ്‌മീർ ചർച്ചകൾക്കായി ആഭ്യന്തരമന്ത്രാലയം 2010 -11ൽ നിയമിച്ച സമിതിയിൽ അംഗമായിരുന്ന രാധാകുമാർ, ജമ്മുകാശ്‌മീർ മുൻ ചീഫ്സെക്രട്ടറി ഹിൻഡാൽ ഹൈദർ , മുൻ കേന്ദ്ര ആഭ്യന്തരസെക്രട്ടറി കേരള കേഡർ ഉദ്യോഗസ്ഥനായ ഗോപാൽകൃഷ്ണ പിള്ള, അന്തർസംസ്ഥാന കൗൺസിൽ മുൻ സെക്രട്ടറി അമിതാബ് പാണ്ഡെ എന്നിവരാണ് ഹർജി നൽകിയത്.
ജനാഭിപ്രായം പരിഗണിക്കാതെയും നിയമസഭയിൽ ചർച്ചചെയ്യാതെയുമുള്ള നടപടി ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്കെതിരുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആർട്ടിക്കിൾ 370 ദുർബലപ്പെടുത്തിയതും ജമ്മുകാശ്മീർ വിഭജന ബില്ലും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
ജമ്മുകാശ്‌മീരുമായി ബന്ധപ്പെട്ട് ഏഴ് ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്. ഹർജിയിലെ അവ്യക്തത ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ചീഫ്ജസ്റ്റിസ് അഭിഭാഷകനായ എം.എൽ.ശർമ്മയെ വിമർശിച്ചിരുന്നു. ആക്ടിവിസ്റ്റ് തെഹ്‌സിൻ പൂനെവാല, നാഷണൽ കോൺഫറൻസ് എം.പിമാരായ മുഹമ്മദ് അക്ബർ ലോൺ, ഹസ്നെൻ മസൂദി ,നിയമവിദ്യാർത്ഥി മുഹമ്മദ് അലീം സയ്ദും, കാശ്‌മീർ ടൈംസ് എഡിറ്റർ അനുരാധ ബാസിൻ തുടങ്ങിയവരാണ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്.