ന്യൂഡൽഹി: ശ്വാസതടസത്തെതുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട മുൻകേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്‌റ്റ്‌ലിയുടെ നില ഗുരുതരമായി തുടരുന്നു. ജെയ്‌റ്റ്‌ലിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആർ.എസ്.എസ്. അദ്ധ്യക്ഷൻ മോഹൻ ഭാഗവത്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്‌വാൻ,സ്മൃതി ഇറാനി, ഹിമാചൽ ഗവർണർ കൽരാജ് മിശ്ര, മുൻ എസ്.പി നേതാവ് അമർ സിംഗ് തുടങ്ങിയവർ ഇന്നലെ സന്ദർശിച്ചു.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ , യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ നേരത്തെ എയിംസിലെത്തിയിരുന്നു.
66കാരനായ ജെയ്റ്റലിയെ ആഗസ്റ്റ് 9നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 10ന് ശേഷം എയിംസ് അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല. ഡോക്ടർമാർ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു ജെയ്റ്റലിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വെള്ളിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞത്.