അഭിഭാഷകന് 5 ലക്ഷം താത്കാലിക നഷ്ടപരിഹാരം
ന്യൂഡൽഹി: ഉന്നാവ പെൺകുട്ടിയെയും കുടുംബത്തെയും ട്രക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സി.ബി.ഐക്ക് സെപ്തംബർ ആറ് വരെ സുപ്രീംകോടതി ബെഞ്ച് സമയം അനുവദിച്ചു. പരിക്കേറ്റ അഭിഭാഷകന്റെ ചികിത്സാ ചെലവിലേക്ക് ഭാര്യയ്ക്ക് മൂന്നുദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ നൽകാനും യു.പി സർക്കാരിനോട് സുപ്രീകോടതി നിർദ്ദേശിച്ചു. ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദ്ദേശം.
ഡൽഹി എയിംസിൽ ചികിത്സയിലുള്ള അഭിഭാഷകനും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് അമിക്കസ് ക്യൂറി വി.ഗിരി ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം നേരത്തെ നൽകിയിരുന്നു. കാറപകട കേസ് അന്വേഷണം 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു ആഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ കർശനനിർദ്ദേശം. ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗർ മുഖ്യപ്രതിയായ ഉന്നാവ പീഡന കേസുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകളോടൊപ്പം ഈ കേസിന്റെയും വിചാരണ 45 ദിവസത്തിനുള്ളിൽ തീർക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസിൽ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിച്ച സി.ബി.ഐ അന്വേഷണം പൂർത്തിയാക്കാൻ നാലാഴ്ച സമയം വേണമെന്ന് ഇന്നലെ ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയുടെയും അഭിഭാഷകന്റെയും മൊഴി രേഖപ്പെടുത്താനായില്ലെന്നും കേസിൽ നിർണായകമായ മൊഴിയെടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലല്ല ഇരുവരുമെന്നും സി.ബി.ഐ അറിയിച്ചു. ഇത് പരിഗണിച്ച കോടതി കേസിൽ വിശദമായ അന്വേഷണം നടന്നതായി നിരീക്ഷിച്ചു. തുടർന്ന് അന്വേഷണം പൂർത്തീകരിക്കുന്നതിന് സമയം അനുവദിക്കണമെന്ന നിലപാട് ബെഞ്ച് സ്വീകരിച്ചു. ജൂലായ് 28നാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ റായ്ബറേലിക്കടുത്ത് വച്ച് ട്രക്കിടിച്ച് അപകടത്തിൽപ്പെട്ടത്. പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ അപകടത്തിൽ മരിച്ചു.