sambath

ന്യൂഡൽഹി: സംസ്ഥാനത്ത് വീണ്ടും പ്രളയക്കെടുതിയുണ്ടായ സാഹചര്യത്തിൽ കാർഷിക വായ്പകളുടെ മോറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്നും കാർഷികവായ്പകൾ, സാധാരണക്കാരുടെ മറ്റു കടങ്ങൾ എന്നിവ പുനഃക്രമീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി ഇന്നലെ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കടകംപള്ളി

സുരേന്ദ്രനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന്

കാർഷികവായ്പകൾക്ക് നിലവിൽ 2019 ഡിസംബർ വരെയാണ് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.വായ്പകൾ പുനഃക്രമീകരിക്കുന്നതിന് നബാർഡ് മുഖേനെ പ്രത്യേക ധനസഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

ഹ്രസ്വകാല വായ്പയിനത്തിൽ മൂന്നു ശതമാനം പലിശയ്ക്ക് 2,000 കോടി രൂപ നബാർഡ് അനുവദിക്കണം. ഈയിനത്തിൽ ഇപ്പോൾ ഈടാക്കുന്ന പലിശ നിരക്ക് എട്ടു ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കി കുറയ്ക്കണം. നബാർഡിൽ നിന്ന് 1,000 കോടി രൂപയുടെ പുതിയ വായ്പ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിൽ, നബാർഡിൽ നിന്നുള്ള ദീർഘകാല വായ്പയുടെ തിരിച്ചടവ് കാലയളവ് അഞ്ചു വർഷമാണ്. ഇതു 15 വർഷമാക്കി ഉയർത്തണം . കാർഷികവായ്പകൾ പലിശരഹിതമാക്കണം. നബാർഡിൽ നിന്നുള്ള കാർഷിക പുനർവായ്പ 40 ശതമാനത്തിൽനിന്ന് 60 ശതമാനമാക്കി ഉയർത്തണം. പുനർവായ്പയ്ക്ക് ഇപ്പോൾ ഈടാക്കുന്ന 4.5 ശതമാനം പലിശ മൂന്നു ശതമാനമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
വാണിജ്യ ബാങ്കുകളുടേതിന് സമാനമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന് വരുമാന നികുതി ഈടാക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടിയിലുള്ള ആശങ്കയും തോമറിനെ മന്ത്രി കടകംപള്ളി അറിയിച്ചു.

പ്രളയക്കെടുതി :കേന്ദ്ര സംഘമെത്തും

കേരളത്തിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക കേന്ദ്രസംഘത്തെ അയയ്ക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ഉറപ്പ് നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.സംഘം എത്തുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സംഘം നൽകുന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേരളത്തിന് നൽകേണ്ട സഹായത്തെക്കുറിച്ച് കേന്ദ്രം തീരുമാനമെടുക്കുക.