ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുതിയ സംഭവ വികാസങ്ങൾ പരിഗണിച്ച്, മാരകവും വൻ തോതിലുള്ളതുമായ അക്രമണം ഞൊടിയിടയിൽ നടത്താൻ ശേഷിയുള്ള ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരിച്ച് (ഐ.ബി.ജി) അതിർത്തിയിൽ വിന്യസിക്കാൻ കരസേന നീക്കം തുടങ്ങി.
കാലാൾപ്പടയ്ക്കു പുറമേ, ആർട്ടിലറി, സിഗ്നൽ, കരസേനയുടെ വ്യോമ വിഭാഗം എന്നിവർ ചേർന്നുള്ള 'യുദ്ധസജ്ജ" യൂണിറ്റാവും രൂപീകരിക്കുക. ആദ്യ സംഘത്തെ പടിഞ്ഞാറൻ പാക് അതിർത്തിയിൽ ഉടൻ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്. ഒരു യൂണിറ്റിൽ 5,000 സേനാംഗങ്ങളാവും ഉണ്ടാവുക. മേജർ ജനറലിനാവും ചുമതല. ആക്രമണത്തിനും പ്രതിരോധത്തിനും പ്രത്യേകം പ്രത്യേകം സംഘങ്ങൾ അടങ്ങുന്നതാണ് ഐ.ബി.ജി ഘടന.
പാകിസ്ഥാന്റെയും ചൈനയുടെയും അതിർത്തിയിൽ ഇക്കൊല്ലം അവസാനത്തോടെ രണ്ടോ മൂന്നോ ഐ.ബി.ജി യൂണിറ്റുകൾ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു മാറ്റിയതിന്റെ പേരിൽ ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാൻ നടത്തുന്ന കുത്സിത നീക്കങ്ങളെ തുടർന്ന് യൂണിറ്റുകൾ ഉടൻ വേണമെന്ന ആവശ്യവുമായി കരസേന പ്രതിരോധ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.
ജമ്മുകാശ്മീർ അടങ്ങിയ പശ്ചിമ കമാൻഡിന്റെ കീഴിലാണ് യൂണിറ്റുകൾ സ്ഥാപിക്കുക. ഐ.ബി.ജിയുടെ കാര്യക്ഷമത പരീക്ഷിക്കാൻ കുറച്ചു നാൾ മുമ്പ് സംയുക്ത ഗ്രൂപ്പിന് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഡൽഹിയിലെ കരസേനാ ആസ്ഥാനത്ത് അടുത്തിടെ നടന്ന സേനാ കമാൻഡർമാരുടെ യോഗം ഐ.ബി.ജി അനിവാര്യമാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു.
കര, വ്യോമ, നാവിക സേനകളിലെ കമാൻഡോകളെ ഉൾപ്പെടുത്തി ‘ആംഡ് ഫോഴ്സസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഡിവിഷൻ’ കഴിഞ്ഞ മേയിൽ രൂപീകരിച്ചിരുന്നു. ശത്രുക്കൾക്കു നേരെ മിന്നലാക്രമണമാണ് ഇവരുടെ ചുമതല.
ഐ.ബി.ജി
1. ആർട്ടിലറി, ഇൻഫൻട്രി, സിഗ്നൽ വിഭാഗങ്ങൾ ചേർന്നുള്ള സംഘം
2. ആക്രമണ, പ്രതിരോധ രീതികൾ കോർത്തിണക്കിയുള്ള ഘടന
3. ഭീകരാക്രമണവും ശത്രുരാജ്യ നീക്കവും തകർക്കാൻ പ്രാപ്തം