jaitely

ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന ബി.ജെ.പി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജയ്റ്റ്ലിയുടെ ജീവൻ നിലനിറുത്തുന്നത്. ആശുപത്രിയിലെ കാർഡിയോ – ന്യൂറോ വിഭാഗം വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. എൻഡോക്രിനോളജിസ്റ്റ്, വൃക്കരോഗ – ഹൃദ്രോഗ വിദഗ്ദ്ധർ എന്നിവരുടെ സംഘവും നിരീക്ഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റ് 10നാണ് അവസാനമായി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്. പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കാനായി എയിംസിൽ എത്തിക്കൊണ്ടിരിക്കുകയാണ്. മുതിർന്ന നേതാവ് എൽ.കെ. അദ്ധ്വാനി അദ്ദേഹത്തെ സന്ദർശിച്ചു. കൂടാതെ, കേന്ദ്ര മന്ത്രിമാരായ രാം വിലാസ് പാസ്വാൻ, ഹിമാചൽ പ്രദേശ് ഗവർണർ കൽരാജ് മിശ്ര, ആർ.എസ്.എസ്. ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ, മുൻ സോഷ്യലിസ്റ്റ് നേതാവ് അമർ സിംഗ് എന്നിവർ എയിംസിലെത്തി അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു.കഴിഞ്ഞ ദിവസം പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് അടക്കം നിരവധി പ്രമുഖർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഈ മാസം ഒൻപതിനാണ് ശ്വസന പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലയോടെയാണ് ആരോഗ്യനില കൂടുതൽ വഷളായത്.