tarun-

ന്യൂഡൽഹി: ലൈംഗികപീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്‌പാൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തരുൺ തേജ്പാലിനെതിരെ പീഡനക്കുറ്റം ചുമത്തിയ സെഷൻ കോടതി നടപടി അംഗീകരിച്ച ബോംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചു. വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശം നൽകി. ചുമത്തപ്പെട്ട കുറ്റം ഗുരുതരമാണെന്നും ഇപ്പോൾ തന്നെ വിചാരണ വൈകിയെന്നും ബെഞ്ച് നിരീക്ഷിച്ചു.

പരാതിക്കാരി പറയുന്നതും ഹോട്ടൽ ലോബിയിലെ സി.സി.ടി.വി ദൃശ്യങ്ങളും തമ്മിൽ പൊരുത്തമില്ലെന്നാണ് തേജ്പാലിന്റെ വാദം. ലിഫ്റ്റിനകത്ത് സി.സി.ടി.വി ഇല്ലാതിരിക്കെ ആർക്കും ആർക്കെതിരെയും ആരോപണമുന്നയിക്കാം. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും ഉന്നയിച്ചു. കേസ് കെട്ടിച്ചമച്ചതാണെങ്കിൽ എന്തിനാണ് പരാതിക്കാരിയോട് തേജ്പാൽ മാപ്പുപറഞ്ഞതെന്നായിരുന്നു കോടതിയുടെ ചോദ്യം. തേജ്പാലിന്റെ ആവശ്യത്തെ ഗോവ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തു. തിങ്ക് 2013 ഫെസ്റ്റിവലിനിടെ ഗോവയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ലിഫ്റ്റിൽവച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹപ്രവർത്തകയായ യുവതിയാണ് പരാതി നൽകിയത്. അറസ്റ്റിലായ തേജ്‌പാൽ ഇപ്പോൾ ജാമ്യത്തിലാണ്. കേസ് റദ്ദാക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.