ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സ്ഥിതിക്ക് അടുത്ത നീക്കം പാക് അധിനിവേശ കാശ്മീരിന്റെ സ്വാതന്ത്ര്യമാകണമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ജമ്മു കാശ്മീരിൽ ബി.ജെ.പി പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു സിംഗ്.
പ്രത്യേക പദവി സംബന്ധിച്ച് ജനങ്ങളെ മുമ്പ് തെറ്റിദ്ധരിപ്പിച്ചിരുന്നു. 1994- ൽ പാർലമെന്റിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പാക് അധിനിവേശ കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റണം. അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസാഫർബാദിലേക്ക് ജനങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ കടന്നു ചെല്ലാനാകണം. ഇപ്പോൾ 370-ാം വകുപ്പ് ഇല്ലാതാക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. മൂന്നു തലമുറയുടെ ത്യാഗത്തിന്റെ ഫലമായാണ് അതു സാദ്ധ്യമായത്. ജമ്മുകാശ്മീരിലെ ജനങ്ങളുടെ തൊഴിലവസരങ്ങൾ അടക്കം പുറത്തു നിന്നുള്ളവർ തട്ടിയെടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരുടെ അറസ്റ്റ് കോൺഗ്രസ് അടക്കം വലിയ പ്രശ്നമാക്കുന്നതിൽ കാര്യമില്ല. സമാധാന പ്രക്രിയയുടെ ഭാഗമായി സ്വീകരിച്ച നടപടിയാണത്. കാശ്മീരിൽ തങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന ധാരണ സൃഷ്ടിക്കാനാണ് നാഷണൽ കോൺഫറൻസ്, പി.ഡി.പി നേതാക്കൾ ശ്രമിച്ചത്.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു ജമ്മുകാശ്മീരിനുള്ള 370-ാം വകുപ്പ്. ജമ്മുകാശ്മീർ ജനതയെ മാനസികമായി ഒറ്റപ്പെടുത്താനും വിഭാഗീയത സൃഷ്ടിക്കാനും മാത്രമേ കഴിഞ്ഞുള്ളൂ. എൻ.ഡി.എ സർക്കാർ ജമ്മുകാശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിച്ച് മനുഷ്യത്വം ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.