manmohan-

 രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻസിംഗ് രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസിന് ഭൂരിപക്ഷമുള്ള നിയമസഭയിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചതോടെ മൻമോഹൻസിംഗ് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ആഗസ്റ്റ് 13നാണ് മൻമോഹൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ മദൻലാൽ സെയ്നിയുടെ മരണത്തെ തുടർന്നുള്ള ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 1991 മുതൽ 2019വരെ അസമിൽ നിന്ന് രാജ്യസഭയിലെത്തിയ മൻമോഹന്റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. അസമിൽ നിന്നും വീണ്ടും രാജ്യസഭയിലേക്ക് വിജയിപ്പിക്കാനുള്ള അംഗബലം കോൺഗ്രസിനില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത് സറിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. രാജസ്ഥാനിൽ 10 രാജ്യസഭാ സീറ്റുകളാണുള്ളത്. ഇതിൽ 9ലും നിലവിൽ ബി.ജെ.പി എം.പിമാരാണ്.