rajeev

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാർഷിക ദിനത്തിൽ കോൺഗ്രസ് രാജ്യമൊട്ടാകെ വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു . ഇന്നലെ രാവിലെ ഡൽഹിയിലെ വീർ ഭൂമിയിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

വാർഷികാചരണം കേവലം ചടങ്ങായി ഒതുക്കരുതെന്നും രാജ്യത്തിന് രാജീവ് നൽകിയ സംഭാവനകൾക്ക് പരമാവധി പ്രചാരണം നൽകണമെന്നും അടുത്തിടെ പ്രവർത്തക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന അനുസ്മരണ ചടങ്ങുകളാണ് രാജ്യത്ത് നടക്കുന്നത്.

രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രി കെ. വി.തോമസ് തുടങ്ങിയവർ പങ്കെടുത്തു. രാജീവ് ഗാന്ധി ജന്മ പഞ്ചസപ്തതി പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.