chidambaram

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ ഗ്രൂപ്പിന് 350കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കളമൊരുങ്ങി.

കോടതി വിധിക്ക് പിന്നാലെ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റും ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും അദ്ദേഹം ഇല്ലാത്തതിനാൽ മടങ്ങിപ്പോയി.

ഹൈക്കോടതി ഉത്തരവിനെതിരെ ഇന്നലെത്തന്നെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി ഇന്ന് സമർപ്പിക്കാൻ രജിസ്‌ട്രി നിർദ്ദേശിച്ചു.

2018 ജൂലായ് 25 മുതൽ അനുവദിച്ച ഇടക്കാല ജാമ്യമാണ് കോടതി നീക്കിയത്. ചിദംബരത്തെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് സുനിൽ ഗൗർ മുൻകൂർ ജാമ്യം നിഷേധിച്ചത്.

ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സി.ബി.ഐയും എൻഫോഴ്സ്‌മെന്റും കോടതിയെ അറിയിച്ചിരുന്നു. ജനുവരി 25നാണ് ഹർജിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.

ഇതേ കേസിൽ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്‌ത ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഇപ്പോൾ ജാമ്യത്തിലാണ്.

കോടതി പറഞ്ഞത്:

തട്ടിപ്പിന്റെ സൂത്രധാരൻ ചിദംബരം

വിദേശനിക്ഷേപത്തിന് അനുമതി നൽകുമ്പോൾ ചിദംബരം ധനമന്ത്രിയായിരുന്നു

പാർലമെന്റംഗമാണെന്ന് കരുതി മുൻകൂർ ജാമ്യം അനുവദിക്കാനാകില്ല

കുറ്റത്തിന്റെ ഗൗരവവും വ്യാപ്തിയും കണക്കിലെടുത്താണ് ജാമ്യം നിഷേധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിനുള്ള ഉത്തമ ദൃഷ്‌ടാന്തമാണിത്.

ഉരുക്കുമുഷ്ടി കൊണ്ട് നേരിടേണ്ട സാമ്പത്തിക കുറ്റകൃത്യമാണിത്.

അന്വേഷണ ഏജൻസികളുടെ കൈ കെട്ടാനാകില്ല.

കുറ്റക്കാരെ പദവി നോക്കാതെ തുറന്നുകാട്ടണം.

ഇടക്കാല ജാമ്യം നേടിയ ചിദംബരം അന്വേഷണവുമായി സഹകരിച്ചില്ല

അന്വേഷണ ഏജൻസികൾ സമർപ്പിച്ച വസ്തുതകളും ചോദ്യങ്ങളിൽ ഒഴി‌ഞ്ഞുമാറിയുള്ള മറുപടിയും ചിദംബരത്തിനെതിരെയുള്ള ഘടകങ്ങളാണ്.

രാഷ്ട്രീയ പകപോക്കലാണെന്ന വാദം നിലനിൽക്കില്ല

കേസ് ഇതുവരെ

2007ൽ ഒന്നാം യു.പി.എ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയയ്‌ക്ക് 305 കോടി വിദേശ നിക്ഷേപത്തിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയതിൽ ക്രമക്കേടെന്ന് ആരോപണം.

ഐ.എൻ.എക്സ് മീഡിയയിൽ നിന്ന് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് പണം ലഭിച്ചെന്നും ആരോപണം.

കൈക്കൂലിപ്പണം നിക്ഷേപിച്ച കമ്പനികൾക്ക് കാർത്തി ചിദംബരവുമായി ബന്ധം

ക്രമക്കേടിനെ പറ്റി 2017 മേയ് 15ന് സി.ബി.ഐയും കള്ളപ്പണം വെളുപ്പിച്ചതിന് 2018ൽ എൻഫോഴ്സ്‌മെന്റും കേസുകൾ എടുത്തു

ഐ.എൻ.എക്സ് മീഡിയ സ്ഥാപകരായ ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയും പ്രതികളാണ്. ഇന്ദ്രാണി മുഖർജി മാപ്പുസാക്ഷിയാണ്.

കാർത്തിയുടെ 54 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ഊട്ടിയിൽ 4.25 കോടിയുടെ രണ്ട് ബംഗ്ലാവ്, കൊടൈക്കനാലിലെ 5 ലക്ഷത്തിന്റെ കൃഷിഭൂമി, ഡൽഹിയിൽ കാർത്തിയുടെയും അമ്മ നളിനി ചിദംബരത്തിന്റെയും പേരിലുള്ള 16 കോടിയുടെ ഫ്ലാറ്റ്, ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള 8.67 കോടിയുടെ സ്വത്ത്, സ്പെയിനിലെ ബാഴ്സിലോണയിലെ 14.57 കോടിയുടെ ടെന്നീസ് ക്ലബ് എന്നിവയാണ് കണ്ടുകെട്ടിയത്.

മൂന്ന് കേസിൽ ചിദംബരം

ഐ.എൻ.എക്സ് മീഡിയ കേസ്

3,500 കോടിയുടെ എയർസെൽ മാക്സിസ് അഴിമതി കേസിൽ ചിദംബരവും കാർത്തിചിദംബരവും പ്രതികളാണ്.

എയർ ഇന്ത്യയ്ക്ക് 111 വിമാനങ്ങൾ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടിലെ അഴിമതി കേസിൽ നോട്ടീസ്