himachal

ഡൽഹി : ഉത്തരേന്ത്യയിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷം. പ്രളയത്തിലും ഉരുൾപൊട്ടലിലുമായി 58 പേർ മരിച്ചു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധിപ്പേരെ കാണാതായി. മരണ നിരക്ക് ഇനിയും ഉയരാനാണ് സാദ്ധ്യത.

ഹിമാചൽപ്രദേശിൽ പേമാരിയിൽ 3 ജീവൻ കൂടി പൊലിഞ്ഞതോടെ ആകെ മരണം 25 ആയി. പ്രളയവും മണ്ണിടിച്ചിലും മൂലം അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുകയാണ്. 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വക്താവ് പറഞ്ഞു. 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മഴയിൽ ഉത്തരാഖണ്ഡിൽ 10 പേർ മരിച്ചു. ഉത്തരകാശി ജില്ലയിൽ ഒട്ടേറെപ്പേരെ കാണാതായി. ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തി.

യമുനാ നദിയിൽ ജലനിരപ്പ് അപകടനില കടന്നതോടെ ഡൽഹിയിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. പതിനായിരക്കണക്കിന് പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കുകയാണ്. ദില്ലിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മന്ത്രിസഭായോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. യുമനയുടെ തീരത്തും താഴ്‌ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും മാറിത്താമസിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിന് മുകളിലായത്.

ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം പുറത്തുവിട്ടതിനെത്തുടർന്നാണ് യമുനയിൽ വെള്ളമുയർന്നത്. ഉത്തരാഖണ്ഡിൽ മൂന്നുദിവസമായി പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ സംസ്ഥാനങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നു.