ന്യൂഡൽഹി: ഫേസ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ആധാർ നമ്പരുമായി ബന്ധിപ്പിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ നിലപാടിനെ കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ അനുകൂലിച്ചു. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജ വാർത്തകൾ, അശ്ലീലചിത്രം, അപകീർത്തികരവും ദേശവിരുദ്ധവുമായ ഉള്ളടക്കം എന്നിവ പ്രചരിപ്പിക്കുന്നത് തടയാൻ സഹായിക്കുമെന്ന് തമിഴ്നാട് സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു.
അതേ സമയം, സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾക്ക് ആധാർ നമ്പരോ സർക്കാർ അംഗീകൃത തിരിച്ചറിയിൽ രേഖയോ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ അന്തിമവിധി പറയുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതിയെ സുപ്രീംകോടതി വിലക്കി. എന്നാൽ, വാദം കേൾക്കലുമായി ഹൈക്കോടതിക്ക് മുന്നോട്ടുപോകാമെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്‌ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, ഓൺലൈൻ സ്വകാര്യതയ്‌ക്കുള്ള വ്യക്തികളുടെ അവകാശവും ഓൺലൈനിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും പരിഭ്രാന്തി പരത്തുന്നവരെയും കണ്ടു പിടിക്കാനുള്ള ഭരണകൂടത്തിന്റെ അവകാശവും തമ്മിൽ ഒരു സന്തുലനം വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഡാർക്ക് വെബ് എന്ന് അറിയപ്പെടുന്ന രഹസ്യ വെബ്ബിലെ അവിഹിത പ്രവണതകളിൽ കോടതി ഉൽക്കണ്ഠയും പ്രകടിപ്പിച്ചു.
മദ്രാസ്, ബോംബെ, മദ്ധ്യപ്രദേശ് ഹൈക്കോടതികളിലുള്ള സമാന ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ, ഗൂഗിൾ, ട്വിറ്റർ, യുട്യൂബ് തുടങ്ങിയവർ സെപ്തംബർ 13ന് മറുപടി നൽകണം. മദ്രാസ് ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടൽ.
ബ്ലൂവെയ്ൽ ഗെയിം :നഷ്ടമായത്
ഒട്ടേറെ ഇന്ത്യക്കാരുടെ ജീവൻ
ബ്ലൂവെയ്ൽ ഗെയിം നിരവധി ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ചെന്ന് അറ്റോർണി ജനറൽ പറഞ്ഞു.ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താൻ കേന്ദ്രസർക്കാർ ഇന്നും ബുദ്ധിമുട്ടുകയാണ്. ക്രിമിനൽ കേസുകളിൽ പ്രത്യേകിച്ച് ഓരോ സന്ദേശത്തിന്റെയും ഉറവിടം കണ്ടെത്തുക അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധമില്ലെന്ന്
ഫേസ്ബുക്കും വാട്സ് ആപ്പും
ബ്ലൂവെയ്ൽ ഗെയിമിന് തങ്ങളുമായി ബന്ധമില്ലെന്നും വിവരങ്ങൾ മൂന്നാമതൊരാൾക്കു കൈമാറിയാൽ അത് സ്വകാര്യതയുടെ ലംഘനമാകുമെന്നും ഫേസ്ബുക്കും വാട്സ് ആപ്പും കോടതിയിൽ പറഞ്ഞു. തങ്ങൾ ആഗോള കമ്പനിയാണ്.150ലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈക്കോടതികളുടെ ഏതു തീരുമാനവും തങ്ങളുടെ ആഗോള പ്രവർത്തനത്തെ ബാധിക്കും.
വ്യത്യസ്ത വിധികൾ ഒഴിവാക്കാൻ ഇത്തരം വിഷയങ്ങൾ സുപ്രീംകോടതിയാണ് പരിഗണിക്കേണ്ടതെന്ന് ഫേസ്ബുക്കിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയും വാട്സ് ആപ്പിനു വേണ്ടി കപിൽ സിബലും വാദിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാനാകില്ല. ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും സ്വകാര്യത സംബന്ധിച്ച നയത്തെക്കുറിച്ചുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. മദ്രാസ് ഹൈക്കോടതി തന്നെ തീരുമാനമെടുക്കണമെന്ന് തമിഴ്നാട് സർക്കാർ എന്തിനാണ് വാശിപിടിക്കുന്നതെന്നും റോത്തഗി ചോദിച്ചു.