rafale-case

ന്യൂഡൽഹി: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായി സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് സൈന്യത്തിന്റെയും സർക്കാരിന്റെയും സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എച്ച്.എ.എൽ, ഒാർഡിനൻസ് ഫാക്‌ടറി, മറ്റ് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യോമസേന, കരസേന, നാവിക സേന തുടങ്ങിയവയുടെ ടെസ്‌റ്റ് റേഞ്ചുകളാണ് സ്വകാര്യമേഖലയ്‌ക്ക് തുറന്നു കൊടുക്കുക. ഇതിനായി നടപടിക്രമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സർക്കാർ ഉത്തരവ് ഇറക്കിയെന്നും മന്ത്രി പറഞ്ഞു. വ്യോമസേനയുടെ ആധുനികവത്‌ക്കരണം സംബന്ധിച്ച ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധ നിർമ്മാണത്തിൽ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണ് ലക്ഷ്യം. 'മേക്ക് ഇൻ ഇന്ത്യ" പദ്ധതി പ്രകാരം സ്വയംപര്യാപ്‌തത കൈവരിക്കാൻ ഇതുസഹായിക്കും. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ ദീർഘ കാലത്തെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും രാജ്നാഥ് പറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും അവസരം ലഭിക്കും. പ്രതിരോധമേഖലയിൽ വിദേശ പ്രതിരോധ കമ്പനികൾ ഇന്ത്യയിൽ നേരിട്ട് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഉപകരണങ്ങൾ നിർമ്മിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.

വിദേശത്ത് പോകാതെ പരീക്ഷിക്കാം

രാജ്യത്ത് പ്രതിരോധമേഖലയ്‌ക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വൻകിട കമ്പനികൾക്ക് സ്വന്തം ടെസ്‌‌റ്റ് റേഞ്ചുകളില്ല. സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ നിയന്ത്രണവുമുണ്ട്. നിലവിൽ ഉത്പന്നങ്ങളുടെ മികവ് പരീക്ഷിച്ചറിയാൻ വിദേശത്തെ ടെസ്‌റ്റ് റേഞ്ചുകളിൽ എത്തിക്കണം. ഇനി അത് വേണ്ട.

ഉത്തരവ് ഇങ്ങനെ

 പ്രതിരോധ സാമഗ്രികൾക്ക് ലൈസൻസ് നൽകുന്നതിന് ആധാരമാക്കുന്ന ഇൻഡസ്ട്രി റെഗുലേഷൻ ആക്ടിലെ ഉത്പന്നങ്ങളുടെ പട്ടിക പരിഷ്‌കരിച്ചാണ് സ്വകാര്യമേഖലയ്‌ക്ക് അവസരമൊരുക്കുന്നത്.

 പ്രതിരോധ സാമഗ്രികൾ, ഘടകങ്ങൾ, ഉപസംവിധാനങ്ങൾ, പരീക്ഷണത്തിനും നിർമ്മാണത്തിനുമുള്ള ഉപകരണങ്ങൾ തുടങ്ങിയവയെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 കമ്പനികൾക്ക് 15 വർഷ കാലാവധിയുള്ള ഇൻഡസ്ട്രിയൽ ലൈസൻസാണ് നൽകുക.

 നിലവിൽ മൂന്നു വർഷത്തേക്കാണ് ആദ്യം ലൈസൻസ് നൽകുന്നത്.