ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമിയാണെന്നതിന് പുരാവസ്തു തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന് രാംലല്ലയ്ക്കായി മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചു. കണ്ടെടുക്കപ്പെട്ട 12-ാം നൂറ്റാണ്ടിലെ കൽപ്പലകയിൽ സംസ്‌കൃതത്തിൽ ലിഖിതമുണ്ട്. അയോദ്ധ്യ തലസ്ഥാനമാക്കി ഭരിച്ച ഗോവിന്ദചന്ദ്ര രാജാവിനെക്കുറിച്ചാണ് ഈ ലിഖിതത്തിൽ പറയുന്നത്. ഇവിടെ വലിയ വിഷ്ണുക്ഷേത്രമുണ്ടായിരുന്നെന്നും പറയുന്നുണ്ട്. ഈ ക്ഷേത്രാവശിഷ്ടങ്ങളാണ് ആർക്കിയോളജി വകുപ്പിന്റെ ഖനനത്തിൽ കണ്ടെത്തിയത്. ശിലാ ലിഖിതത്തിന്റെ പരിഭാഷയോ കൽപ്പലകയുടെ ആധികാരികതയോ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. തർക്ക മന്ദിരത്തിലെ പടിഞ്ഞാറെ മതിലിൽ നിന്നാണ് ഈ സ്ലാബ് വീണതെന്ന് പാഞ്ചജന്യയിലെ മാദ്ധ്യമ പ്രവർത്തകൻ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുൻപ് നിരവധി സ്ലാബുകൾ കർസേവകർ കൊണ്ടപോയിട്ടുണ്ടെന്നും ക്ഷേത്രാവശിഷ്ടത്തിൽ നിന്നോ അല്ലെങ്കിൽ ക്ഷേത്രം തകർത്തോ ആണ് തർക്കമന്ദിരമുണ്ടാക്കിയതെന്നും വൈദ്യനാഥൻ വാദിച്ചു.
ഹിന്ദുക്കൾ അയോദ്ധ്യയിലെ രാമജന്മഭൂമി ദർശനത്തിന് എത്തിയിരുന്നതിന് മുസ്ലിങ്ങളടക്കമുള്ളവരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും വൈദ്യനാഥൻ ചൂണ്ടിക്കാട്ടി. ഹിന്ദുവിശ്വാസികൾ അയോദ്ധ്യയിൽ ദർശനത്തിനെത്തിയിരുന്നത് കണ്ട 90 വയസുകാരന്റെ മൊഴിയുണ്ട്. മുസ്ലിങ്ങൾക്ക് മക്കയെന്ന പോലെ ഹിന്ദുക്കൾക്ക് അയോദ്ധ്യ വിശുദ്ധമാണെന്ന് മുഹമ്മദ് ഹാഷിം എന്ന വ്യക്തിയുടെ മൊഴിയിൽ പറയുന്നുണ്ടെന്നും വൈദ്യനാഥൻ വാദിച്ചു.
ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അവധിയായതിനാൽ തിങ്കളാഴ്ച അയോദ്ധ്യ കേസിൽ വാദം നടന്നിരുന്നില്ല. ഇന്നലെ വാദം പുനഃരാരംഭിക്കുകയായിരുന്നു.
അയോദ്ധ്യ ബാബ്റി മസ്ജിദ് രാമജന്മഭൂമി കേസിൽ തർക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഇന്ന് വാദം തുടരും.