ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ സി.ബി.ഐയുടെ അറസ്റ്റ് ഭീഷണി നേരിടുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനെ പിന്തുണച്ച് വയനാട് എം.പിയും പാർട്ടി മുൻ അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്ത്.

ചിദംബരത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി രംഗത്ത് എത്തിയതിന് പിന്നാലെയാണ് രാഹുലും ട്വീറ്റുമായെത്തിയത്.ഏറെ ആദരണീയനായ രാജ്യസഭാംഗമാണ് ചിദംബരം. ധനമന്ത്രിയായും ആഭ്യന്തര മന്ത്രിയായുമെല്ലാം പതിറ്റാണ്ടുകൾ അദ്ദേഹം രാജ്യത്തെ സേവിച്ചുവെന്നും അദ്ദേഹം യാഥാർഥ്യം വിളിച്ചുപറഞ്ഞുവെന്നുമാണ് പ്രിയങ്കയുടെ ട്വീറ്റ്. സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാണിച്ചു. പക്ഷേ ഭീരുക്കൾക്ക് സത്യം അലോസരമുണ്ടാക്കും. അതിനാലാണ് അദ്ദേഹം ലജ്ജാകരമായി വേട്ടയാടപ്പെടുന്നത്തെന്നും പ്രിയങ്ക പ്രതികരിച്ചു. പി.ചിദംബരത്തെ വ്യക്തിഹത്യ നടത്താൻ മോദി സർക്കാർ സി.ബി.ഐയെയും എൻഫോഴ്സ്‌മെന്റിനെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാദ്ധ്യമങ്ങളേയും ഉപയോഗിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. അധികാര ദുർവിനിയോഗത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എന്ത് പ്രത്യാഘാതമുണ്ടായാലും പി.ചിദംബരത്തിനൊപ്പം നിന്ന് സത്യത്തിനായി പൊരുതുമെന്നും പ്രിയങ്ക നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്കയ്ക്കും രാഹുലിനും പുറമെ കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം ചിദംബരത്തിന് പിന്തുണയുമായി എത്തിയിരുന്നു.