sslc-exam
SSLC EXAM

ന്യൂഡൽഹി: 2020ൽ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നൽകുകയെന്ന് ട്വീറ്റ് ചെയ്ത് സി.ബി.എസ്.ഇ അധികൃതർ. പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷയെഴുതുന്നവർക്ക് വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ബോർഡ് സ്വന്തം ട്വിറ്റർ പേജിലൂടെ അറിയിച്ചു.

ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, സംസ്‌കൃതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടുത്ത വർഷം വിവരണാത്മക ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കും. വിദ്യാർത്ഥികൾക്ക് സർഗാത്മകമായി ഉത്തരങ്ങളെഴുതാനും സമ്മർദം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും ബോർഡ് ട്വീറ്റിൽ പറയുന്നു. മൂല്യനിർണയ രീതിയിലുൾപ്പെടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഈ വർഷമാദ്യം സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുൾപ്പെടെ 25 ശതമാനം ഒബ്ജക്ടിവും 75 ശതമാനം വിവരണാത്മകവുമായ ചോദ്യങ്ങൾ ഉൾപ്പെടുത്താനും ശുപാർശയുണ്ട്. ചോദ്യങ്ങളുടെ എണ്ണം കുറയുമ്പോൾ കുട്ടികൾക്ക് കൂടുതൽ ആലോചിച്ച് നന്നായി എഴുതാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. അതേസമയം പാഠപുസ്തകങ്ങളിൽ വലിയ മാറ്റംവരാതെ പരീക്ഷയിൽ മാറ്റംവരുന്നതിനെ എതിർത്ത് ധാരാളം പേർ രംഗത്തു വന്നിട്ടുണ്ട്.