chidambaram

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ 'ഒളിവിൽപോയ' കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഇന്നലെ രാത്രി അരങ്ങേറിയ അതീവ നാടകീയമായ രംഗങ്ങൾക്കൊടുവിൽ സി. ബി. ഐ മതിൽ ചാടിക്കടന്ന് വീട്ടിൽ കയറി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു. തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്‌ക്കായി റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വൈദ്യ പരിശോധനയിൽ കുഴപ്പങ്ങളില്ലെങ്കിൽ സി. ബി. ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകും.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരായ അപ്പീൽ സമർപ്പിക്കാൻ ഇന്നലെ രാവിലെ മുതൽ സുപ്രീംകോടതിയിലും രാത്രി കോൺഗ്രസ് ആസ്ഥാനത്തും തുടർന്ന് ഡൽഹി ജോർബാഗിലെ ചിദംബരത്തിന്റെ വസതിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അപ്പീൽ ഇന്നലെ ലിസ്റ്റ് ചെയ്യിക്കാനുള്ള ചിദംബരത്തിന്റെ അഭിഭാഷകരുടെ ശ്രമം പരാജയപ്പെട്ടതും സുപ്രീംകോടതി അത് വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്‌തതും തിരിച്ചടിയായി. അതോടെ സി.ബി. ഐയും എൻഫോഴ്‌സ്‌മെന്റും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ശക്തമായി. ചിദംബരത്തെ കണ്ടെത്താൻ സി.ബി.ഐയും എൻഫോഴ്സ്‌മെന്റും ഇന്നലെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. അദ്ദേഹം വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിലും നിർദ്ദേശം നൽകി.

ഏജൻസികൾ വ്യാപകമായി തന്നെ തിരയുന്നതിനിടെ,ഇരുപത്തിയേഴ് മണിക്കൂർ ഒളിവിലായിരുന്നചിദംബരം രാത്രി എട്ട് മണിയോടെ അപ്രതീക്ഷിതമായി കോൺഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു.

അഭിഭാഷകരായ കപിൽ സിബലിനും മനു അഭിഷേക് സിംഗ്‌വിക്കും ഒപ്പം അവിടെ എത്തിയ അദ്ദേഹം ഹ്രസ്വമായ പത്രസമ്മേളനം നടത്തി. എഴുതിതയ്യാറാക്കിയ പ്രസ്‌താവന വായിച്ച ശേഷം ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ സ്ഥലം വിടുകയായിരുന്നു.

താൻ ഒളിച്ചോടിയില്ലെന്നും കീഴടങ്ങില്ലെന്നും തനിക്ക് നിയമ പരിരക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞ ചിദംബരം പെന്ന് തന്നെ ജോർബാഗിലെ വസതിയിലേക്ക് പോയി. മിനിറ്റുകൾക്കുള്ളിൽ പാർട്ടി ആസ്ഥാനത്ത് എത്തിയ സി. ബി. ഐ സംഘത്തെ പ്രവർത്തകർ തടഞ്ഞു. രാത്രി ഒൻപത് മണിയോടെ സി. ബി. ഐ, എൻഫോഴ്സ്‌മെന്റ് സംഘങ്ങൾ ചിദംബരത്തിന്റെ വസതിയിൽ എത്തി. അവിടെയും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗേറ്റ് പൂട്ടിയിരുന്നതിനാൽ സി. ബി. ഐ സംഘം മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. ചിദംബരത്തെ കാറിൽ കയറ്റി കൊണ്ടു പോകുമ്പോൾ കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചത് ബലപരയോഗത്തിനിടയാക്കി. സി. ബി. ഐയുടെയും എൻപോവ്സ്മെന്റിന്റെയും വൻ സംഘങ്ങൾ അവിടെ എത്തിയിരുന്നു.

ഹൈക്കോടതി വിധിക്ക് പിന്നാലെ ചൊവ്വാഴ്ച രാത്രിയിലും വസതിയിൽ ആറംഗ സി.ബി.ഐ സംഘം രണ്ടുതവണ എത്തിയെങ്കിലും ചിദംബരം വീട്ടിലില്ലായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാത്രിയോടെ വീടിന്റെ ചുമരിൽ നോട്ടീസ് പതിച്ചു. ഇന്നലെ സുപ്രീംകോടതിയിലും ഉദ്യോഗസ്ഥരെത്തിയിരുന്നു.