ന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള മോപ് അപ് കൗൺസലിംഗ് തീയതി നീട്ടാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബോർഡ് ഒഫ് ഗവർണേഴ്സ് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്‌തു. മോപ് അപ് കൗൺസലിംഗ് കഴിഞ്ഞ സാഹചര്യത്തിൽ മറ്റു കോളേജുകളിൽ ചേർന്ന കുട്ടികൾക്ക് ഇ.എസ്.ഐ തൊഴിലാളികളുടെ മക്കൾക്കുള്ള ക്വോട്ടയിലേക്കുള്ള പ്രവേശനത്തിനായി എൻ.ഒ.സി ഹാജരാക്കാൻ ഇതു സഹായകമാകും. കോടതി വിധിയെ തുടർന്ന് ഇ.എസ്.ഐ ക്വോട്ട പ്രവേശനം നിറുത്തിവച്ചപ്പോൾ മറ്റു കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പിയും സംസ്ഥാന ആരോഗ്യ സെക്രട്ടറിയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും മെഡിക്കൽ കൗൺസിലിനും കത്തു നൽകിയിരുന്നു. ഇന്നലെ ചേർന്ന ബോർഡ് ഒഫ് ഗവർണേഴ്സ് യോഗം ആവശ്യം പരിഗണിക്കുകയും തീയതി നീട്ടാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുകയുമായിരുന്നു. പുതിയ തീയതി പ്രഖ്യാപിക്കേണ്ടത് കേന്ദ്രസർക്കാരാണ്. മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഇ.എസ്.ഐ ക്വോട്ട സ്‌റ്റേ ചെയ്‌തെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കി. സുപ്രീകോടതി പരാമർശം സൃഷ്‌ടിച്ച ആശയക്കുഴപ്പവും പരിഹരിച്ച് പ്രവേശന നടപടികൾ തുടങ്ങിയിരുന്നു.