chidambaram

ന്യൂഡൽഹി : ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ആഗസ്റ്റ് 26 വരെ സി.ബി.ഐ കസ്റ്റഡിയിൽവിട്ടു. വസ്തുതകളും സാഹചര്യവും പരിഗണിച്ച് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയാണെന്ന് സി.ബി.ഐ സ്പെഷ്യൽ ജഡ്‌ജ് അജയ്‌കുമാർ കുഹാർ ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ചിദംബരത്തെ വീണ്ടും സി.ബി.ഐ ആസ്ഥാനത്തേക്ക് മാറ്റി.

കസ്റ്റഡി കാലയളവിൽ കുടുംബത്തിനും അഭിഭാഷകർക്കും ദിവസവും അരമണിക്കൂർ ചിദംബരത്തെ കാണാം. 48 മണിക്കൂർ കൂടുമ്പോൾ ആരോഗ്യപരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്തെ മൂന്നാം നമ്പർ ലോക്കപ്പ് മുറിയിൽ മൂന്നുമണിക്കൂറോളം ചോദ്യം ചെയ‌്തിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് കനത്ത സുരക്ഷയിൽ സി.ബി.ഐ കോടതിയിൽ ഹാജരാക്കിയത്.


അഴിമതിക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നും സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിലാണ്. ചിദംബരത്തിന്റെ കൈയിലുള്ള രേഖകൾ ലഭിക്കേണ്ടതുണ്ട്. ബുദ്ധിശാലികൾ ഉൾപ്പെട്ട കേസാണ്. അതിന്റെ വസ്തുതകൾ കണ്ടെത്തിയില്ലെങ്കിൽ തങ്ങൾ പരാജയപ്പെടുമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും രണ്ട് മണിക്കൂറോളം നീണ്ട വാദത്തിൽ ചിദംബരത്തിന്റെ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിംഗ്‌വിയും പറഞ്ഞു.
ഭാര്യ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവരും കോടതിയിലുണ്ടായിരുന്നു.

സി.ബി.ഐയുടെ വാദങ്ങൾ

ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ല

 ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു

ഗൂഢാലോചനയ്‌ക്ക് തെളിവുണ്ട്

പണമിടപാട് തെളിയിക്കാൻ ചോദ്യം ചെയ്യണം

ചില ചോദ്യങ്ങൾക്ക് ചിദംബരം തന്നെ ഉത്തരം നൽകണം.

കള്ളപ്പണം വെളുപ്പിക്കലിന് ഉത്തമ ഉദാഹരണം.

ചിദംബരത്തിന്റെ വാദം

കാർത്തി ചിദംബരം ഉൾപ്പെടെ പ്രതികളെല്ലാം ജാമ്യത്തിലാണ്.

വിദേശനിക്ഷേപ ബോർഡിലെ ആറ് ഗവ. സെക്രട്ടറിമാരെ അറസ്റ്റ് ചെയ്തിട്ടില്ല.

ധനമന്ത്രിയുടെ ഉത്തരവാദിത്വം പാലിച്ച ചിദംബരത്തെ ലക്ഷ്യംവച്ചു
എഫ്.ഐ.ആർ പത്തുവർഷം കഴിഞ്ഞ്
കരട് കുറ്റപത്രം തയാറായപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമില്ല
കേസ് രാഷ്ട്രീയപ്രേരിതമാണ്.

ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല.

ഒഴിഞ്ഞുമാറിയെന്നു പറഞ്ഞ് റിമാൻഡിൽ വയ്‌ക്കുന്നത് നിയമവിരുദ്ധമാണ്.

തെളിവ് നശിപ്പിച്ചെന്ന് സി.ബി.ഐ ആരോപിച്ചിട്ടില്ല.

നിയമവിരുദ്ധമായി പ്രതിഫലം പറ്റിയതായി എഫ്.ഐ.ആറിൽ ഇല്ല

എല്ലാത്തിനും ഉത്തരം നൽകി: ചിദംബരം

കോടതി സംസാരിക്കാൻ അവസരം നൽകിയപ്പോൾ ചിദംബരം സ്വന്തം ഭാഗം വിശദീകരിച്ചു. ഉറങ്ങിയിട്ട് ഒരു ദിവസമായെന്നും കസ്റ്റഡിയിലെടുക്കുന്നത് വ്യാഴാഴ്ച രാവിലത്തേക്ക് മാറ്റണമെന്നും ചിദംബരം അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇന്നലെ ഉച്ചയ്‌ക്ക് 12 വരെ ചോദ്യം ചെയ്‌തില്ല. എന്ത് ചോദ്യമാണ് ചോദിക്കേണ്ടത് എന്നുപോലും സി.ബി.ഐക്ക് അറിയില്ല. 12 ചോദ്യമാണ് ചോദിച്ചത്.

ഒരു ചോദ്യത്തിനും ഉത്തരം നൽകാതിരുന്നിട്ടില്ല. എനിക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. മകന് വിദേശത്ത് അക്കൗണ്ടുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞു. ഞാൻ പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ഒന്നും ചോദിച്ചില്ല.