protest-

ന്യൂഡൽഹി: സിക്ക് വിഭാഗത്തിലെ ദളിതരായ രവിദാസിയരുടെ ക്ഷേത്രം തകർത്തതിനെതിരെ ചൊവ്വാഴ്‌ച നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായ ദക്ഷിണ ഡൽഹിയിൽ പൊലീസ് കാവൽ തുടരുന്നു. സംഭവത്തിൽ പൊലീസുകാർ അടക്കം നിരവധിപേർക്ക് പരിക്കേൽക്കുകയും പ്രതിഷേധക്കാർ നൂറോളം വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്‌തിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുഗ്ളക്കാബാദ് പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലാണ്.

വനപ്രദേശം കൈയേറി നിർമ്മിച്ചെന്ന പരാതിയിൽ സുപ്രീംകോടതി വിധിയെ തുടർന്ന് ആഗസ്‌റ്റ് 10ന് ഡൽഹി ഡെവപ്‌മെന്റ് അതോറിട്ടി തുഗ്ളക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിച്ചതിനെ ചൊല്ലി ദിവസങ്ങളായി പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ട്. അഖിൽ ഭാരതീയ സന്ത് ശിരോമണി ഗുരു രവിദാസ് മന്ദിർ സംയുക്ത സംരക്ഷൺ സമിതി നടത്തുന്ന പ്രതിഷേധത്തിന് ഭീം ആർമി, ബി.എസ്.പി തുടങ്ങിയവരുടെ പിന്തുണയുമുണ്ട്. രവിദാസിയ വിഭാഗം ഏറെയുള്ള പഞ്ചാബിൽ നിന്ന് നൂറുക്കണക്കിന് ആളുകൾ കഴിഞ്ഞ ദിവസത്തെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. രാംലീലാ മൈതാനിയിലെ പ്രതിഷേധ പരിപാടി കഴിഞ്ഞ് അവർ ക്ഷേത്രം സ്ഥിതി ചെയ്‌ത സ്ഥലത്തേക്ക് മാർച്ചു ചെയ്യുകയായിരുന്നു.

ഡൽഹി പൊലീസിന്റെ മൂന്നു നിര ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ മുന്നോട്ടു നീങ്ങിയതിസടെ ദക്ഷിണ ഡൽഹിയിൽ പാടെ ഗതാഗതം സ്‌തംഭിച്ചു. ഗോവിന്ദ്പുരി മെട്രോ സ്‌റ്റേഷനു സമീപം പ്രകടനക്കാരെ പിരിച്ചുവിടാൻ ഡൽഹി പൊലീസ് ലാത്തിചാർജ്ജും കണ്ണീർ വാതക പ്രയോഗവും നടത്തി. പലവഴിക്ക് ഓടിയ സമരക്കാർ റോഡ് അരുകിൽ നിറുത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. എന്നാൽ സമാധാനപരമായി പ്രകടനം നടത്താനാണ് ആഹ്വാനം ചെയ്‌തതെന്നും പ്രകടനത്തിൽ പങ്കെടുത്തവർ സ്വയം അക്രമാസക്തരായതാണെന്നും സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. പ്രകടനത്തിന് നേതൃത്വം നൽകിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.

രവിദാസിയ വിഭാഗം:

സിക്ക് ഗുരുവായ രവിദാസിന്റെ അനുയായികളായ രവിദാസിയക്കാർ സിക്ക് വിഭാഗത്തിലെ ദളിത് വിഭാഗമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. രവിദാസിയ മതവും രവിദാസിയ ധർമ്മവും പിന്തുടരുന്ന ഇവർക്ക് ആരാധനയ്‌ക്കായി പ്രത്യേകം ഗുരുദ്വാരകളുമുണ്ട്. പഞ്ചാബിലെ ജലന്ധറിലാണ് രവിദാസിയ വിഭാഗത്തിന് കൂടുതൽ പ്രാതിനിദ്ധ്യമുള്ളത്. സിക്ക് വിഭാഗങ്ങളും രവിദാസിയക്കാരും തമ്മിൽ കലഹങ്ങളും പതിവാണ്.