rajiv-kumar-

ന്യൂഡൽഹി:ഇന്ത്യ 70 വർഷത്തെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും അതു മറികടക്കാൻ സർക്കാർ അസാധാരണമായ നടപടി കൈക്കൊള്ളേണ്ടി വരുമെന്നും നീതി ആയോഗ് ഉപാദ്ധ്യക്ഷൻ രാജീവ് കുമാർ മുന്നറിയിപ്പ് നൽകി.

നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതിന് പിന്നാലെ കഴിഞ്ഞ നാലു വർഷം പണലഭ്യതയും സ്വകാര്യ നിക്ഷപവും കുറഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ധനകാര്യ സ്ഥാപനങ്ങൾക്ക് വിപണിയിലുള്ള വിശ്വാസം നഷ്‌ടമായതിനെ തുടർന്ന് കരുതലോടെയും തിരഞ്ഞെടുത്തുമാണ് വായ്‌പ നൽകുന്നത്. വ്യവസായികളിൽ നല്ലൊരു ഭാഗത്തിനും വായ്പ നിഷേധിക്കപ്പെടുന്നു. നിർമ്മാണ മേഖലയെ ഇത് പാടെ തളർത്തി.

സ്വകാര്യ മേഖലയിൽ മറ്റൊരാൾക്ക് വായ്പ നൽകാൻ ആരും തയ്യാറല്ല. എല്ലാവരും പണം കൈയിൽ വച്ചിരിക്കുകയാണ്. മുമ്പ് ആകെയുള്ള പണത്തിന്റെ 35ശതമാനം വിപണിയിൽ ലഭ്യമായിരുന്നെങ്കിൽ നിലവിൽ അതിന്റെ അളവ് വളരെ കുറഞ്ഞു.

പ്രതിസന്ധിയിൽ നിന്ന് കരകയറാനും സ്വകാര്യ മേഖലയിലെ അനിശ്‌ചിതത്വം പരിഹരിക്കാനും കേന്ദ്രസർക്കാർ അസാധാരണമായ നടപടികൾ കൈക്കൊള്ളണം.

സ്വകാര്യമേഖലയ്ക്കുള്ള സാമ്പത്തിക സഹായം തടഞ്ഞു വയ്‌ക്കരുത്. നിക്ഷേപത്തിന് മടിച്ചു നിൽക്കുന്ന സ്വകാര്യ മേഖലയുടെ ആശങ്കകൾ പരിഹരിക്കണം.

ജനുവരി - മാർച്ച് പാദത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനം 5.8ശതമാനമായി കുറഞ്ഞതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കുപ്പുകുത്തി. സ്വകാര്യ നിക്ഷേപവും പണലഭ്യതയും കുറഞ്ഞതോടെ നിർണായക മേഖലകളിൽ വളർച്ച മുരടിച്ചതിനെ തുടർന്നാണിത്. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ ഏഴു ശതമാനത്തിൽ താഴെയുള്ള വളർച്ചാ നിരക്കാണ് പ്രവചിച്ചതും.