ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ കമ്മ്യൂട്ട് ചെയ്‌തവർക്ക് 15 വർഷത്തിന് ശേഷം മുഴുവൻ പെൻഷനും നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാർശ ഇ.പി.എഫ് ട്രസ്‌റ്റി ബോർഡ് അംഗീകരിച്ചു. അതേസമയം മിനിമം പെൻഷൻ 1000 രൂപയിൽ നിന്ന് 2000രൂപയായി വർദ്ധിപ്പിക്കണമെന്ന ശുപാർശയിൽ തീരുമാനമെടുത്തില്ല.
2009 വരെ പെൻഷൻകാർക്ക് ലഭ്യമായിരുന്ന കമ്മ്യൂട്ടേഷൻ പദ്ധതി പ്രകാരം മാസ പെൻഷൻ തുകയുടെ മൂന്നിലൊന്ന് വച്ച് വലിയൊരു തുക ഒന്നിച്ച് പിൻവലിച്ചവരിൽ നിന്ന് ജീവിതാന്ത്യം വരെ അതു തിരിച്ചു പിടിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇ.പി.എഫ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിൽ എൻ.കെ.പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തെ തുടർന്നാണ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ജീവിതാന്ത്യം വരെ തുക തിരിച്ചു പിടിക്കുന്നത് ഒഴിവാക്കണമെന്ന സമിതിയുടെ ശുപാർശ അംഗീകരിച്ച ഇ.പി.എഫ് ട്രസ്‌റ്റി ബോർഡ് യോഗം ഇതിനായി 1995ലെ ഇ.പി.എഫ് നിയമം ഭേദഗതി ചെയ്യാനും തീരുമാനിച്ചു. 2008 വരെ പെൻഷൻ കമ്മ്യൂട്ട് ചെയ്‌ത 6.3 ലക്ഷം ഇ.പി.എഫ് പെൻഷൻകാർക്ക് തീരുമാനം പ്രയോജനപ്പെടും.
ഇ.പി.എഫ് ട്രസ്‌റ്റി ബോർഡ് തിരുമാനത്തെ എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്വാഗതം ചെയ്തു. കമ്മിറ്റിയുടെ ഇതര ശുപാർശകൾ നടപ്പാക്കാൻ കാലവിളംബം വരുത്തുന്നത് തൊഴിലാളി ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യുട്ടേഷൻ ആനുകൂല്യം പുനസ്ഥാപിക്കുക, കുറഞ്ഞ പെൻഷൻ വർദ്ധിപ്പിക്കുക, യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുളള പെൻഷൻ അനുവദിക്കാനുള്ള കോടതി വിധി നടപ്പാക്കുക, ആരും അവകാശവാദം ഉന്നയിക്കാതെ ഫണ്ടിൽ അവശേഷിക്കുന്ന 45 ലക്ഷം കോടി രൂപ പെൻഷൻകാരുടെ ക്ഷേമത്തിനായി ചെലവഴിക്കുക തുടങ്ങി യ ആവശ്യങ്ങളും ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനത്തെ ബി.എം.എസ് ദേശീയ നിർവ്വാഹക സമിതി അംഗം വി. രാധാകൃഷ്‌ണനും സ്വാഗതം ചെയ്‌തു.