water-management

ന്യൂഡൽഹി: മഴ ലഭ്യതയിലും പുഴകളുടെയും കുളങ്ങളുടെയും എണ്ണത്തിലും സമൃദ്ധമായ കേരളം ജലത്തിന്റെ പരിപോഷണത്തിൽ ഏറെ പിന്നിലെന്ന് നീതി ആയോഗ് പുറത്തിറക്കിയ രണ്ടാമത് ജല ഇൻഡക്‌സ് റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണേന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തെക്കാൾ ഏറെ മുന്നിലാണ്. ഹിമാലയൻ മേഖലയ്‌ക്കു പുറത്തുള്ള സംസ്ഥാനങ്ങളിൽ ഗുജറാത്തിനാണ് സമഗ്ര ജല മാനേജ്‌മെന്റ് പട്ടികയിൽ ഒന്നാം റാങ്ക്. ഹിമാലയൻ മേഖലയിൽ ഹിമാചൽ പ്രദേശ് ഒന്നാമതാണ്.

രാജ്യത്തിന്റെ വളർച്ചയ്‌ക്കും പരിസ്ഥിതി സന്തുലനത്തിനും വേണ്ടിയുള്ള ജല പരിപോഷമാണ് നീതി ആയോഗിന്റെ ഇൻഡക്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനം. കഴിഞ്ഞ വർഷം പുറത്തിറക്കിയ ആദ്യ ഇൻഡക്‌സിലും ഗുജറാത്തിനായിരുന്നു ഒന്നാം റാങ്ക്. ഇക്കുറി 75 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിറുത്തിയപ്പോൾ 74 പോയിന്റു നേടി ആന്ധ്രാപ്രദേശ് രണ്ടാം റാങ്കും 70 പോയിന്റുള്ള മധ്യപ്രദേശ് മൂന്നാം റാങ്കും നേടി. 45 പോയിന്റ് നേടിയ കേരളത്തെ മോശം പ്രകടനക്കാരുടെ ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയത്. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ കേരളം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം രണ്ടാം റാങ്ക് നേടിയ ആന്ധ്രയ്‌ക്ക് പുറമെ ദക്ഷിണേന്ത്യയിൽ നിന്ന് തമിഴ്നാട്, കർണാടക, ഗോവ സംസ്ഥാനങ്ങൾ മികച്ച പ്രവർത്തനവുമായി ഉയർന്ന റാങ്കു നേടി. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ, സി.ഇ.ഒ അമിതാബ് കാന്ത് തുടങ്ങിയവർ ചേർന്നാണ് ഇൻഡക്‌സ് റിപ്പോർട്ട് പുറത്തിറക്കിയത്.